Connect with us

Kerala

വള്ളുവനാടന്‍ കപ്പയുടെ രുചി വടക്കന്‍ കേരളത്തിലും

Published

|

Last Updated

വടക്കന്‍ കേരളത്തിലെ വിപണികള്‍ കീഴടക്കി ഇത്തവണയും വള്ളുവനാടന്‍ കപ്പ. വെങ്ങാട്, കൊളത്തൂര്‍, മൂര്‍ക്കനാട് ഭാഗങ്ങളില്‍ നിന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കാണ് കപ്പ കയറ്റിയയച്ചു വരുന്നത് . വള്ളുവനാട്ടിലെ മൂര്‍ക്കനാട്, പുലാമന്തോള്‍, കുറുവ എന്നിവ കൂടുതല്‍ കപ്പ കൃഷി ചെയ്യുന്ന പ്രദേശങ്ങളാണ്. നെല്‍പാടങ്ങള്‍ പലതും കപ്പ കൃഷിക്ക് വഴിമാറിയതോടെ മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലെയും പ്രധാന കൃഷിയായി കപ്പ മാറി. മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാട് നിന്ന് ഇതര ജില്ലകളിലേക്ക് എല്ലാ വര്‍ഷവും ലോറികളില്‍ കപ്പ കയറ്റുമതി ചെയ്തു വരുന്നു. ഒരു കാലത്ത് സാധാരണക്കാരന്റെ ഇഷ്ട ഭക്ഷണമായിരുന്ന കപ്പക്ക് ഇടക്കാലത്ത് വില വര്‍ധിച്ചു. ഉത്പാദനവും കൃഷി സ്ഥലവും കുറഞ്ഞതാണ് കപ്പയുടെ വില വര്‍ധനവിന് കാരണം. കാട്ടുപന്നി, മുള്ളന്‍, എലി എന്നിവയുടെ ശല്യംമൂലം കര്‍ഷകര്‍ പലരും കപ്പകൃഷി ഉപേക്ഷിക്കുകയാണ്.

കൃഷി ചെയ്തുണ്ടാകുന്ന കര്‍ഷകന് നാമമാത്രമായ വരുമാനവും കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കുമിടയിലെ ഇടനിലക്കാര്‍ക്ക് കൂടുതല്‍ ലാഭവുമാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില കുറവാണ്. കിലോക്ക് ഇരുപത് രൂപവരെ കഴിഞ്ഞ വര്‍ഷം കര്‍ഷകന് ലഭിച്ചിരുന്നത് ഇപ്പോള്‍ പത്ത് മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് ലഭിക്കുന്നത്. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഭൂപ്രകൃതിയും കപ്പകൃഷിക്ക് ഏറെ അനുയോജ്യമാണ്. ഏതുതരം മണ്ണിലും കപ്പ വളരും. ശക്തമായ ചൂടിനെപ്പോലും അതിജീവിക്കാന്‍ കപ്പക്ക് കഴിയും.

 

 

Latest