Kerala
താമരശ്ശേരി ചുരത്തിലെ റോഡ് നന്നാക്കുന്നതിന് 78 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം :കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലെ റോഡിലെ മുടിപ്പിന്‍ വളവുകളുടെ അടിയന്തിര അറ്റകുറ്റപ്പണിക്ക് 79 ലക്ഷം രൂപയുടെ ഭരണാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നല്‍കിയിരുന്നതായി മന്ത്രി ജി സുധാകരന്‍. എന്നാല്‍ ടെണ്ടര്‍ നടത്തിയപ്പോള്‍ രണ്ടു തവണയും പ്രതികരണമില്ലാതിരിക്കുകയും, മൂന്നാം തവണയിലെ ടെണ്ടറില്‍ ഒരാള്‍ മുന്നോട്ടു വരികയുമായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ ഔദ്യോഗിക നടപടികളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിക്കുകയും ഇക്കഴിഞ്ഞ 27 മുതല്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കുകയും മറ്റു ചെറുകിട വാഹനങ്ങള്‍ മാത്രം പോകുന്ന രീതിയില്‍ നിയന്ത്രിക്കുകയും ചെയ്താല്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്നും, ഇതിനായി ജില്ലാ കളക്ടര്‍ ഉള്‍പെടെയുള്ളവരുടെ സഹായം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വാഹനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലാത്തതിനാല്‍ ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജില്ലാ കളക്ടര്‍, എം.എല്‍.എമാര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ദ്ധന റാവുവിനെ ചുമതലപ്പെടുത്തിയതായും ജനുവരി മൂന്നിന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.