Kerala
മാതാവ് കത്തിയെരിയുമ്പോള്‍ കൂട്ടുകാരനൊപ്പം ഐസ്‌ക്രീം ആസ്വദിച്ചു

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊന്നു തള്ളിയ കേഡല്‍ ജിന്‍സണ്‍ രാജയുടെ കേസിന് ശേഷം മകന്‍ സ്വന്തം അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചെന്ന വാര്‍ത്ത തലസ്ഥാനം ഞെട്ടലോടെയാണ് കേട്ടത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും പ്രതിയുടെ മൊഴികളില്‍ മാത്രം മുന്നോട്ട് നീങ്ങാതെ ശാസ്ത്രീയമായ തെളിവുകളിലൂടെ പ്രതിയുടെ കുറ്റം ഉറപ്പിക്കാനുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതിനിടെ അമ്മയുടെ മൃതദേഹം കത്തിയെരിയുന്നതിനിടെ സുഹൃത്തിനൊപ്പം ഐസ്‌ക്രീം കഴിക്കാന്‍ പോയെന്ന വെളിപ്പെടുത്തലും പ്രതി നടത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീട്ടുപറമ്പില്‍ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് സുഹൃത്ത് ഹരികൃഷ്ണന്റെ ഫോണെത്തിയത്.
ഐസ് ക്രീം കഴിക്കാന്‍ വരുന്നുണ്ടോയെന്ന് ചോദിച്ച ഉടനെ കത്തിക്കൊണ്ടിരുന്ന മാതാവിന്റെ മൃതദേഹത്തിന് മേല്‍ ശേഷിച്ച മണ്ണെണ്ണകൂടി തൂവി വിറകും കൊതുമ്പും മൂടി കൈകാലുകള്‍ കഴുകിയശേഷം ബൈക്കെടുത്ത് നാലാഞ്ചിറയിലെ ഐസ് ക്രീം പാര്‍ലറിലേക്ക്. നാലുമണിവരെ സുഹൃത്തുക്കള്‍ക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകള്‍ പറഞ്ഞും സമയം ചെലവിട്ടു. വീട്ടില്‍ വന്ന് കുളിച്ചു വൃത്തിയായ ശേഷം സന്ധ്യാനേരമായതോടെ വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ഥിച്ചു. പ്രാര്‍ത്ഥനക്കുശേഷം ഡൈനിംഗ് ഹാളില്‍ അമ്മ തയാറാക്കി വച്ചിരുന്ന ചോറും കറികളും വിളമ്പികഴിച്ചു. സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറയുകയായിരുന്നു.
അക്ഷയ് അശോക് കോളജില്‍ ചാത്തന്‍ എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നു. അതുകൊണ്ട് തന്നെ കൊലക്ക് പിന്നില്‍ ചെകുത്താന്‍ സേവക്കാരുടെ ഇടപെടലുണ്ടോ എന്നും പോലീസ് പരിശോധിക്കും. ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതു പോലെ അമ്മയെ കൊന്ന് മൃതദേഹം ഒറ്റക്ക് കത്തിച്ചു കളയാന്‍ പ്രതിക്ക് കഴിയുമോ എന്ന സംശയം പോലീസിനുണ്ട്. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തതു കൊണ്ടു തന്നെ സാഹചര്യ തെളിവും പ്രതിയുടെ മൊഴിയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ മാത്രമേ പൊലീസിന് കഴിയൂ. അതു കൊണ്ടു തന്നെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി തന്നെയാണ് കൃത്യം ചെയ്തതെന്ന് ഉറപ്പു വരുത്തണം. ഇതിനൊപ്പം കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റെത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തും. പ്രതിയുടെ മൊഴി മാത്രം എടുത്ത് കുറ്റപത്രം തയ്യാറാക്കിയാല്‍ അത് വിചാരണ ഘട്ടത്തില്‍ പ്രതിക്ക് അനുകൂല ഘടകമാകാന്‍ സാധ്യതുണ്ടെന്ന വിലയിരുത്തലിലാണ് ശാസ്ത്രീയ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ഇംഗ്ലീഷ് ആക്ഷന്‍ ത്രില്ലറുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അക്ഷയ് അശോകിനെ കൃത്യം ചെയ്യാന്‍ സിനിമകളും സ്വാധീനിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.