Connect with us

National

പാര്‍ലിമെന്റ് പ്രക്ഷുബ്ധം; സര്‍ക്കാറിന്റെ വിശദീകരണം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണഘടന പൊളിച്ചെഴുതണമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവനയും പാക്കിസ്ഥാനില്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിനും ഭാര്യക്കും നേരിട്ട അപമാനത്തിലും ഇന്നലെ പാര്‍ലിമെന്റ് പ്രക്ഷുബ്ധമായി. ഹെഗ്ഡെ രാജിവെക്കണമെന്നും വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തെ അവധിക്ക് ശേഷമാണ് പാര്‍ലിമെന്റ് ഇന്നലെ പുനരാരംഭിച്ചത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്സഭയും രാജ്യസഭയും താത്കാലികമായി പല തവണ പിരിഞ്ഞു. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത വ്യക്തികള്‍ എങ്ങനെയാണ് പാര്‍ലിമെന്റ് നടത്തുകയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. ഭരണഘടനയുടെ ആത്മാവിനെ അപമാനിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പിന്നാലെ പാര്‍ലിമെന്റില്‍ പ്രതിപക്ഷം കനത്ത പ്രതിഷേധം തുടരുകയും ചെയ്തു. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യക്കും മാതാവിനും പാക്കിസ്ഥാനില്‍ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും പാര്‍ലിമെന്റില്‍ പരാമര്‍ശമുണ്ടായി. വിഷയത്തില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ മറുപടി നല്‍കും. രാജ്യസഭയില്‍ 11 മണിക്കും ലോക്സഭയില്‍ 12നുമായിരിക്കും സുഷമയുടെ മറുപടി പ്രസംഗം.

ലോക്‌സഭ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിനും ഭാര്യക്കും പാക്കിസ്ഥാനില്‍ നേരിട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ഉച്ചവരെ സഭ നിര്‍ത്തിവെച്ചു. പിന്നീട് 12ന് വീണ്ടും ലോക്‌സഭ ചേര്‍ന്നപ്പോള്‍ വീണ്ടും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. പാക്കിസ്ഥാനില്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യക്കും മാതാവിനും നേരിട്ട അപമാനം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് മലിഗാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇന്ന് സഭയില്‍ പ്രസ്താവന നടത്തുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെക്കുന്നതായി സുമിത്രാ മഹാജന്‍ നിര്‍ദേശിച്ചു. പിന്നീട് രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഡല്‍ഹി ഭേദഗതി രണ്ടാം ബില്ല് പാസ്സാക്കി. പിന്നീട് ലോക്‌സഭ ജി എസ് ടി ഭേദഗതി ബില്ല് ചര്‍ച്ചക്ക് വെച്ച് പാസ്സാക്കി. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലാണ് ഇന്നലെ ജി എസ് ടിയില്‍ പാസ്സാക്കിയത്.
രാജ്യസഭയില്‍ രാവിലെ പതിനൊന്നിന് തന്നെ അനന്ത്കുമാര്‍ ഹെഗ്ഡെയുടെ ഭരണഘടനയിലെ മതേതരത്വവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. തുടര്‍ന്ന് രാജ്യസഭയും ഉച്ച വരെ നിര്‍ത്തിവെക്കുന്നതായി അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. പത്രണ്ട് മണിക്ക് വീണ്ടും വിളിച്ചു കൂട്ടിയെങ്കിലും രണ്ട് മണിവരെ നീട്ടി. പിന്നീട് രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ ധനകാര്യ മന്ത്രി അരുണ്‍ജെയ്റ്റ്‌ലി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായി. മുന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ ഉപാധ്യക്ഷന്‍ ഹാമിദ് അന്‍സാരിയുടേയും രാജ്യത്തോടുള്ള വിശ്വാസ്യത പ്രധാനമന്ത്രി ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും ഈ നേതാക്കളെ ആദരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചു സംസാരിച്ചു. മന്‍മോഹന്‍ സിംഗിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ബി ജെ പി സ്വയം അകന്ന് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഭ തടസ്സപ്പെടുത്തുകയല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.