Connect with us

Kerala

കേരളം ജലസമൃദ്ധിയില്‍; വരള്‍ച്ച അതിജീവിച്ചേക്കും

Published

|

Last Updated

ഓഖി ചൂഴലിക്കാറ്റ് നാശം വിതച്ചെങ്കിലും തിമിര്‍ത്ത് പെയ്ത മഴ കേരളത്തെ ജലസമൃദ്ധിയിലാക്കി. അണക്കെട്ടുകളിലെ ജലവിതാനം ഉയര്‍ന്നത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയതിന് പുറമെ കുടിവെള്ള ക്ഷാമത്തിനും അറുതിയായി. കാലവര്‍ഷത്തിന് പിന്നാലെ വന്ന തുലാവര്‍ഷം സംസ്ഥാനത്ത് ശരാശരി മഴയാണ് നല്‍കിയെതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

എന്നാല്‍, ഓഖി ചുഴലിക്കാറ്റിനൊപ്പം തിമിര്‍ത്ത് പെയ്തമഴയാണ് സംസ്ഥാനത്ത് ജലസമൃദ്ധിക്കിടയാക്കിയതത്രെ. തുലാവര്‍ഷക്കാലം ഉള്‍പ്പെടുന്ന ഒക്‌ടോബര്‍ ഒന്ന് മുതല്‍ കഴിഞ്ഞ ബുധന്‍ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് പെയ്ത മഴയുടെ അളവില്‍ എട്ട് ശതമാനത്തിന്റെ കുറവുണ്ട്. 20 ശതമാനം കുറവ് വരെ ശരാശരിയുടെ കണക്കിലാണ്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 62 ശതമാനത്തിന്റെ കുറവാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം വരണ്ടുണങ്ങിയ കേരളം ഇത്തവണ കൊടുംവരള്‍ച്ചയെ അതിജീവിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. മുന്‍ വര്‍ഷത്തേതു പോലെ വയനാടാണ് ഇത്തവണയും മഴക്കുറവില്‍ മുന്നില്‍.

കാലവര്‍ഷത്തില്‍ 37 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 50 ശതമാനത്തിന്റെയും കുറവാണ് അവിടെ. കാലവര്‍ഷം ശരാശരി പെയ്തിറങ്ങിയ പാലക്കാട്, കാസര്‍കോട് ജില്ലകളെയും തുലാവര്‍ഷം ചതിച്ചു. പാലക്കാട്ട് 58 ശതമാനവും കാസര്‍കോട്ട് 46 ശതമാനവുമാണ് തുലാവര്‍ഷക്കുറവ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്. രണ്ടിടത്തും കാലവര്‍ഷം രണ്ട് ശതമാനം അധികം പെയ്തു. തുലാവര്‍ഷത്തില്‍ പത്തനംതിട്ടയില്‍ 45 ശതമാനത്തിന്റെയും കൊല്ലത്ത് 42 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. കോട്ടയത്തും അധിക മഴ ലഭിച്ചു. തുലാവര്‍ഷക്കാലത്തുണ്ടായ ന്യൂനമര്‍ദങ്ങളും ഓഖിക്ക് കൂട്ടായെത്തിയ മഴയുമാണ് തെക്കന്‍ കേരളത്തിലെ മഴ വര്‍ധനക്ക് കാരണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ തുലാവര്‍ഷം അധികമായി പെയ്തിരുന്നു.

 

---- facebook comment plugin here -----

Latest