Connect with us

Wayanad

കുരുക്കൊഴിയാതെ ചുരം; ആശങ്കയോടെ വയനാട്

Published

|

Last Updated

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് അഴിയുന്നില്ല. മരണത്തോട് മല്ലടിക്കുന്ന രോഗികളെയും വഹിച്ച് ചുരത്തിലെത്തുന്ന ആംബുലന്‍സുകള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് വയനാടന്‍ ജനതയെ ആശങ്കപ്പെടുത്തുമ്പോഴും പരിഹാരം കാണേണ്ട രാഷ്ട്രീയനേതൃത്വം കണ്ണ് തുറക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ക്രിസ്തുമസ് ദിനത്തിലും ചുരത്തില്‍ വന്‍ഗതാഗക്കുരുക്കാണ് അനുഭവപ്പെട്ടത്.

ചുരത്തിലെ ഒന്ന്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ചിപ്പിലിത്തോട് എന്നീ വളവുകളില്‍ നവീകരണ പ്രവര്‍ത്തി നടത്താന്‍ മുന്‍ തിരുവമ്പാടി ,കല്‍പ്പറ്റ എം എല്‍ എമാരും ചേര്‍ന്ന് ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുകയും കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തി ഗതാഗത തടസമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

കൂടാതെ കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്തു. നാഷണല്‍ ഹൈവേ ഓഫീസ് മാറ്റിയത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് അഭിപ്രായമുയരുന്നത്. റോഡ് നന്നാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത്.

വയനാട്ടില്‍ നിന്നും രോഗികളെയും കൊണ്ട് കോളജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ പോലും ചുരത്തില്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വയനാട്ടില്‍ ആതുരരംഗം രോഗാതുരമാണ്. ജില്ലാ ആശുപത്രികളടക്കമുള്ളവ വെറും റഫറല്‍ ആശുപത്രികളായി മാറി. അപകടത്തില്‍പ്പെടുന്ന രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ചുരത്തില്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ പോലും ബ്ലോക്കില്‍പ്പെടുന്നു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടും വയനാട് ജില്ലയില്‍ മാത്രം മെഡിക്കല്‍ കോളജ് നിര്‍മ്മാണം ശൈശവദശയില്‍ തന്നെയായതിനുപിന്നില്‍ ഭരണകൂടത്തിന്റെ വയനാടിനോടുള്ള അവഗണന തന്നെയാണെന്നാണ് ആരോപണമുയരുന്നത്.ചിപ്പിലിത്തോട്, പൂഴിത്തോട്, കടിയങ്ങാട് തുടങ്ങി നാലോളം ബദല്‍ പാതകള്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ ദിനേന ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ്.

വയനാട് ചുരം കോഴിക്കോട് ജില്ലയുടെ ഭാഗമായത് ഇവിടത്തെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വയനാട് ചുരം കോഴിക്കോട് ജില്ലയില്‍നിന്നും വയനാട് ജില്ലക്ക് വിട്ടുനല്‍കണം. ഇന്റര്‍ലോക്ക് പതിപ്പിച്ചതൊഴികെ മറ്റ് വളവുകളില്‍ റോഡ് പൂര്‍ണ്ണമായും തകരാന്‍ തുടങ്ങി. നിര്‍മ്മാണത്തിലെ നിലവാരക്കുറവാണ് തകര്‍ച്ചക്ക് കാരണം. വാഹനങ്ങളുടെ ബാഹുല്യം കാരണം ചുരം അപകടമേഖലയായി മാറിക്കഴിഞ്ഞു. റോഡിന് സംരക്ഷണഭിത്തിയുള്ളത് ചിലയിടത്ത് മാത്രമാണ്. ചുരം ഇടിയുന്നതും പാറക്കല്ലുകള്‍ പതിക്കുന്നതുമെല്ലാം ദുരിതം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ചുരം ഗതാഗതക്കുരുക്ക് വയനാടിന്റെ ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ചുരത്തിലെ തിരക്ക് കുറക്കുന്നതിന് ബദല്‍പാത അടിയന്തിരമായി നിര്‍മ്മിക്കണം. വയനാടിന്റെ വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.ശബരിമല തീര്‍ഥാടനം,ക്രിസ്തുമസ് അവധി എന്നിവ പ്രമാണിച്ച് താമരശ്ശേരി ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ അസഹനീയമായ നിലയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലാ പോലീസ് കര്‍ശന നിയന്ത്രണങ്ങളുമായി രംഗത്തുണ്ട്.കാഴിക്കോട് ഭാഗത്ത് നിന്നും താമരശ്ശേരി വഴി വയനാട് ജില്ലയിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളും താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ നിന്നും ഉള്ളിയേരി പേരാമ്പ്ര വഴി കുറ്റിയാടി ചുരം ഉപയോഗിച്ച് യാത്ര തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.