Connect with us

Gulf

വ്യാജ തൊഴില്‍ വാഗ്ദാനം കരുതിയിരിക്കണമെന്ന് ഇനോക് അധികൃതര്‍

Published

|

Last Updated

ദുബൈ: വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഇനോക് (ദി എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി) അധികൃതര്‍.

വിവിധങ്ങളായ തസ്തികകളിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്നും റിക്രൂട്‌മെന്റ് പ്രക്രിയക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇനോക്കിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചത്. ഇനോക്കിന്റെ പേരില്‍ വ്യാജ റിക്രൂട്‌മെന്റ് വാര്‍ത്തകള്‍ പ്രചരിക്കുന്നതായും റിക്രൂട്‌മെന്റിനെന്ന പേരില്‍ പണം കൈപറ്റുന്നതായുള്ള വിവരം ലഭിച്ച പശ്ചാതലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി വന്നത്.
സ്ഥാപനങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ കമ്പനി പണം ആവശ്യപ്പെടാറില്ല. കമ്പനി ആവശ്യങ്ങള്‍ക്കോ നടപടികള്‍ക്കോ പണം ഈടാക്കുന്നതല്ലെന്ന് അധികൃതര്‍ പറഞ്ഞു. യോഗ്യതയുള്ള ആര്‍ക്കും കമ്പനി ജോലികളില്‍ പ്രവേശിക്കുന്നതിന് തടസങ്ങളൊന്നുമില്ല. കമ്പനിയുടെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എളുപ്പമാണെന്നും അധികൃതര്‍ പറഞ്ഞു.

വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ പോലീസില്‍ അറിയിക്കണം. സന്ദേശങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് കമ്പനിയുടെ വെബ് സൈറ്റിലോ ഓഫീസില്‍ നേരിട്ടോ അന്വേഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കമ്പനിയില്‍ തൊഴില്‍ നേടുന്നതിന് പൂര്‍ത്തീകരിക്കേണ്ട വിവിധ ഘട്ടങ്ങളെകുറിച്ചും തൊഴില്‍ നേടുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെകുറിച്ചും അധികൃതര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തുവിട്ടിട്ടുണ്ട്.
കമ്പനിയുടെ പേരില്‍ റിക്രൂട്‌മെന്റ് നടത്തുമ്പോള്‍ ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരോ മറ്റ് പ്രതിനിധികളോ ഉദ്യോഗാര്‍ഥികളെ അഭിമുഖീകരിക്കും. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നോ ഔദ്യോഗിക ഇമെയില്‍ വിലാസത്തില്‍ നിന്നോ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് സന്ദേശം ലഭിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

 

Latest