Connect with us

Palakkad

നബീസുമ്മയുടെ ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഫാസില്‍ മുസ്തഫ

Published

|

Last Updated

നിര്‍മ്മാണം ആരംഭിക്കുന്ന സ്ഥലത്ത് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫ യോടൊപ്പം നബീസുമ്മയും, മകന്‍ അഷറഫും.

വടക്കഞ്ചേരി; മണ്ണ് കൊണ്ടുള്ള കട്ടയില്‍ നിര്‍മ്മിച്ച 30 വര്‍ഷത്തോളം പഴക്കമുള്ള ചുമരുകളും,ചിതലരിച്ച മേല്‍ക്കൂരക്ക് കീഴില്‍ ഭയത്തോടെ ജീവിതം തള്ളിനീക്കിയ നബീസുമ്മയുടെ ആഗ്രഹം ഒന്ന് മാത്രമായിരുന്നു, തന്റെ കാലശേഷം പൊന്നുമകന് സുരക്ഷിതമായി ജീവിക്കാന്‍ അടച്ചുപ്പുള്ള ഒരു വീട്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ സ്വപ്നം സഫലീകരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നബീസുമ്മയും മകനും. ബീഡി തെറുപ്പ് തൊഴിലാളിയായിരുന്ന ഭര്‍ത്തവ് അസീസ് 18 വര്‍ഷത്തോളം ശരീരം തളര്‍ന്ന് കിടന്ന് 3 വര്‍ഷം മുമ്പാണ് നബീസുമ്മാനേയും മക്കളേയും വിട്ട് യാത്രയായത്.വാദമായിരുന്നു അസുഖം. രണ്ട് മക്കളില്‍ മൂത്ത മകളെ കോയമ്പത്തൂരിലേക്ക് വിവാഹം ചെയ്ത് കൊടുത്തു. രണ്ടാമത്തെയാണ് മകന്‍ അഷറഫ്.അഷറഫിനാണങ്കില്‍ ജന്മനാ ശ്രവണ ശേഷിയും, സംസാരശേഷിയുമില്ല. പഠനം പൂര്‍ത്തിയാക്കിയ അഷറഫ് ഇപ്പോള്‍ ചെറിയ ഒരു ജോലിക്കാരനാണ്. ആംഗ്യ ഭാഷയിലൂടെയാണ് മകനും ഉമ്മയും ഇവരുടെ വിഷമങ്ങളും, സന്തോഷങ്ങളുമൊക്കെ പങ്കു വെക്കുന്നത്.

ഏത് സമയവും ഇടിഞ്ഞ് വീഴാറായ അവസ്ഥയില്‍ നില്‍ക്കുന്ന മണ്‍ ചുമരും, ചിതലരിച്ച് തകര്‍ന്ന് വീണ് തുടങ്ങിയ ഓടിട്ട മേല്‍ക്കൂരയുമാണ് നിലവില്‍ ഇവര്‍ താമസിച്ച് വന്നിരുന്ന വീട്. പാടത്തിന് സമീപമായതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വേറെ. ഇവിടെ നിന്നാണ് നബീസുമ്മയുടെ ഉറക്കമില്ലാത്ത ദുരിതജീവിതത്തിന് തുടക്കം കുറിക്കുന്നത്. രണ്ട് പേര്‍ക്കും കിട്ടുന്ന പെന്‍ഷനും, വീട്ടുജോലിക്ക് പോയിക്കിട്ടുന്ന കൂലിയും, പള്ളിക്കാരുടേയും, നാട്ടുകാരുടേയുമൊക്കെ സഹായമാണ് ഇവരുടെ ജീവിതത്തിലെ ആശ്രയം. പ്രവാസ ലോകത്ത് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന വടക്കഞ്ചേരി മാണിക്കപ്പാടം സ്വദേശി ഫാസില്‍ മുസ്തഫ കഴിഞ്ഞ അവദിക്ക് നാട്ടിലെത്തിയപ്പോഴാണ് നബീസുമ്മയുടെ ദുരിത ജീവിതം ശ്രദ്ധയില്‍ പ്പെട്ടത്. തുടര്‍ന്ന് ഇവരുടെ അവസ്ഥകള്‍ കണ്ടറിഞ്ഞ ഫാസില്‍ വീടിന്റെയും, ഇവരുടെ ആവശ്യങ്ങളും ദൃശ്യമാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

നാട്ടിലും, പ്രവാസ ലോകത്തുമായി ആയിരക്കണക്കിന് പേര്‍ ദൃശ്യം കണ്ടതില്‍ നിന്നും, ഒരു പാട് പേര്‍ നബീസുമ്മയുടെ ഭവനമെന്ന സ്വപ്നം യാദാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ട് വരുകയായിരുന്നു. അഷറഫിന്റെ പഠനം പൂര്‍ത്തീകരിച്ചതും ഫാസില്‍ മുസ്തഫയുടെ നേതൃത്വത്തില്‍ പലരുടേയും സഹായം കൊണ്ട് തന്നെയായായിരു. രേഖകളില്‍ ഉള്ള പാകപ്പിഴകള്‍ എല്ലാം പരിഹരിച്ച് തീര്‍ക്കുമ്പോഴേക്കും കുറച്ച് താമസം നേരിട്ടതിനാല്‍ നിര്‍മ്മാണവും അല്‍പ്പം നീണ്ടു പോയി. ഇപ്പോള്‍ നാട്ടിലെത്തിയ ഫാസില്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. ഉമ്മയേയും, മകനേയും തൊട്ടടുത്ത വാടക വീട്ടിലേക്ക് താമസം മാറ്റി പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്തില്‍ എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മ്മിക്കാന്‍ കഴിയുന്നത് 500 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയാണ്.

ഇതിനുതന്നെ ആറ് ലക്ഷത്തോളം രൂപ ചിലവ് വരും. സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ അവസ്ഥ കണ്ട നിരവധി നല്ല മനസ്സുകള്‍ നബീസുമ്മാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പേര്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഒരുപാട് പേരുടെ സഹായം ഇനിയും” ആവശ്യമാണ് നിര്‍മ്മാണം പൂര്‍ത്തികരിക്കാനെന്ന് ഫാസില്‍ മുസ്തഫ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ നടത്തുന്ന ഒരു മഹത്തായ യാത്രയാണെന്നും ഇതില്‍ കൂടെ കൂടാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നന്നും ഫാസില്‍ മുസ്തഫ തന്റെ ഫൈസ് ബുക്കില്‍ കുറിച്ചു. താന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആശ്രയം എന്ന പേരില്‍ അറിയപ്പെടുന്നതിനാല്‍ ആശ്രയം ഭവനം എന്നാണ് നബീസുമ്മാക്ക് നിര്‍മ്മിക്കുന്ന വീടിന്ന് പേര് നല്‍കിയിരിക്കുന്നത്.

കേരള ഗ്രാമീണ്‍ ബാങ്ക് വടക്കഞ്ചേരി ശാഖയില്‍ നബീസ എന്ന പേരിലാണ് ഇവര്‍ക്ക് അക്കൗണ്ട് ഉള്ളത്. 40276100102824 എന്നാണ് അക്കൗണ്ട് നമ്പര്‍. ഐഎഫ്സ്സി കോഡ് : കെഎല്‍ജിബി 0040276. നബീസുമ്മയുടെ ഫോണ്‍ നമ്പര്‍: 9349881007.

 

 

Latest