പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സര്‍ക്കാര്‍

Posted on: December 24, 2017 10:37 pm | Last updated: December 24, 2017 at 11:40 pm

തിരുവനന്തപുരം: സ്വത്ത് വിവരം മറച്ച് വെച്ചുവെന്ന പരാതിയില്‍ പി വി അന്‍വര്‍ എം എല്‍ എക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന ആവശ്യമടങ്ങിയ പരാതി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തിരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യമാരില്‍ ഒരാളുടെ സ്വത്ത് വിവരം വെളുപ്പെടുത്തിയില്ലെന്ന ആരോപണത്തിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിയാണ് കമ്മീഷന് കൈമാറിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പി വി അന്‍വറിനെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാനാണ് സാധ്യത.

രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കക്കാടുംപൊയിലിലെ വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പില്‍ നിന്നും എം എല്‍ എ മറച്ചു വച്ചു. മൂന്ന് തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കമ്മീഷന് മുമ്പില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് വെളിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.