ആര്‍കെ നഗറില്‍ കണ്ടത് പണാധിപത്യത്തിന്റെ വിജയമെന്ന് ഡിഎംകെ

Posted on: December 24, 2017 6:59 pm | Last updated: December 25, 2017 at 11:31 am

ചെന്നൈ: ആര്‍കെ നഗറില്‍ പണത്തിന്റെ സ്വാധീനം ഡിഎംകെയെ ബാധിച്ചു എന്ന് പാര്‍ട്ടി നേതാക്കള്‍. ജനാധിപത്യത്തിനു മേലെ പണാധിപത്യം വിജയം നേടുന്ന കാഴ്ച്ചയാണ് കണ്ടതെന്ന് നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, ദിനകരന്റെ വിജയം പാര്‍ട്ടിയെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നായിരുന്നു എഐഡിഎംകെ നേതാവും മന്ത്രിയുമായ സെല്ലൂര്‍.കെ.രാജുവിന്റെ പ്രതികരണം.

പണത്തിന്റെ സ്വാധിനം ഡി.എം.കെ വോട്ടുകളെ തിന്നു തീര്‍ത്തു എന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. ജനാധിപത്യം മണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായതായും അവര്‍ പറഞ്ഞു.

‘എഐഡിഎംകെ ഒരു വന്‍വൃക്ഷമാണ്. അതിന്റെ വെട്ടിയിടാന്‍ ആര്‍ക്കുമാവില്ല. ചില ചില്ലകള്‍ ചിലര്‍ക്ക് വെട്ടിമാറ്റാനായാലും മരത്തെ കടപുഴക്കാനാവില്ല.’ സെല്ലൂര്‍ കെ രാജു അഭിപ്രായപ്പെട്ടു.

വന്‍ഭൂരിപക്ഷത്തോടെയാണ് ശശികലയുടെ സഹോദരനും സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ദിനകരന്റെ വിജയം. ‘വിജയം വളര വലുതാണെന്നാണ് ദിനകരന്‍ പ്രതികരിച്ചത്. ഞങ്ങള്‍ക്കൊപ്പം പൊലീസോ പാര്‍ട്ടിയോ സര്‍ക്കാരോ ഇല്ല. എഐഎഡിഎംകെയ്ക്ക് ഇതെല്ലാമുണ്ട്. ഡിഎംകെയ്ക്കാവട്ടെ നിരവധി പാര്‍ട്ടികളുടെ സഖ്യമുണ്ട്. എന്നാല്‍, വിജയം സൂചിപ്പിക്കുന്നത് എഐഎഡിഎംകെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പം തന്നെയാണ് എന്നാണ്. നേതാക്കളും പ്രവര്‍ത്തകരും ഞങ്ങള്‍ക്കൊപ്പം തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.’ ദിനകരന്‍ പറഞ്ഞു.