യു എസ് മധ്യസ്ഥതയെ പുച്ഛിച്ച് തള്ളി ഫലസ്തീന്‍

ഇസ്‌റാഈല്‍ വിഷയത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന യാതൊരു വിധ സമാധാന ശ്രമവും അംഗീകരിക്കില്ലെന്നും ട്രംപിന് ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ സാധിക്കില്ലെന്നും മഹ്മൂദ് അബ്ബാസ്
Posted on: December 23, 2017 9:20 am | Last updated: December 23, 2017 at 12:29 pm
പാരീസിലെത്തിയ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ന്യൂയോര്‍ക്ക്: അമരിക്കയുടെ സമാധാന ശ്രമത്തെ പുച്ഛിച്ച് തള്ളി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ജറുസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു എസ് നടപടിക്കെതിരായ യു എന്‍ പ്രമേയം പാസായതിന് പിന്നാലെയാണ് ഫലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഇസ്‌റാഈല്‍ വിഷയത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന യാതൊരു വിധ സമാധാന ശ്രമവും അംഗീകരിക്കില്ലെന്നും ട്രംപിന് ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന് ലഭിച്ച അംഗീകാരത്തെ ഏറെ നന്ദിയോടെയാണ് അദ്ദേഹം സ്മരിച്ചത്. ഫലസ്തീന്‍ ജനതയുടെ അവകാശമായ ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു എസ് നടപടിയില്‍ ലോകവ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ഫലസ്തീന് വേണ്ടി തുര്‍ക്കിയും ഈജിപ്തും യമനും മുന്നിട്ടിറങ്ങി. മുഴുവന്‍ അറബ്, മുസ്‌ലിം രാജ്യങ്ങളും ട്രംപിന്റെ നടപടിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.