റയല്‍-ബാഴ്‌സ എല്‍ ക്ലാസികോ പോരാട്ടം ഇന്ന്

Posted on: December 23, 2017 9:14 am | Last updated: December 23, 2017 at 12:29 pm

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ എല്‍ ക്ലാസികോ പോരാട്ടം. വൈകീട്ട് 5.30നാണ് മത്സരം. വലന്‍ഷ്യ-വിയ്യാറയല്‍, ഡിപ്പോര്‍ട്ടീവോ ല കൊരുന- സെല്‍റ്റ വിഗോ മത്സരങ്ങളും ഇന്ന് നടക്കും.
16 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്താണ്. 15 റൗണ്ടുകളില്‍ നിന്ന് 31 പോയിന്റുള്ള റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്ത്.
പതിനാല് പോയിന്റ് പിറകിലാണ് റയല്‍ മാഡ്രിഡ്. ബാഴ്‌സയെ തോല്‍പ്പിച്ചാല്‍ ഒന്നാം സ്ഥാനത്തേക്കുള്ള അകലം കുറയ്ക്കുവാന്‍ സിനദിന്‍ സിദാനും സംഘത്തിനും സാധിക്കും. കഴിഞ്ഞ ഒമ്പത് സീസണിനിടെ റയലിന്റെ ഏറ്റവും മോശം തുടക്കമാണിത്. കഴിഞ്ഞ സീസണില്‍ ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയ റയല്‍ കഴിഞ്ഞാഴ്ച ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയിരുന്നു. എന്നാല്‍, ലാ ലിഗയില്‍ ഇത്തവണ റയല്‍ തപ്പിത്തടയുകയാണ്.

ബാഴ്‌സലോണയുടെ സ്ഥിതി നേരെ വിപരീതമാണ്. കഴിഞ്ഞ ആഗസ്റ്റില്‍ വളരെ മോശം സ്ഥിതിയിലേക്ക് പോയ ബാഴ്‌സ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നതായി കാണാം. ലൂയിസ് എന്റിക്വെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഏണസ്റ്റോ വല്‍വെര്‍ഡെ മുഖ്യ പരിശീലകനായെത്തിയത് ബാഴ്‌സക്ക് ഗുണം ചെയ്തു. നെയ്മര്‍ പി എസ് ജിയിലേക്ക് ചുവട് മാറ്റിയിട്ടും ബാഴ്‌സക്ക് ക്ഷീണം ചെയ്തില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 24 മത്സരങ്ങളില്‍ അപരാജിതരായി തുടരുകയാണ് ബാഴ്‌സലോണ.
ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി ആറ് പോയിന്റിന്റെ അകലം പാലിക്കുന്ന ബാഴ്‌സ മുന്‍തൂക്കം നിലനിര്‍ത്താന്‍ തന്നെയാണ് ഇറങ്ങുന്നത്.
കഴിഞ്ഞ സീസണുകളിലേതു പോലെ ബാഴ്‌സയുടെ ക്രിയാത്മകമായ ആക്രമണ രീതി ഇപ്പോള്‍ കാണാനില്ലെന്ന പരാതിയുണ്ട്. മനോഹരമായ ഫുട്‌ബോള്‍ എന്നതിനേക്കാള്‍ ഫലം കാണുന്ന ഫുട്‌ബോളിനാണ് മുന്‍ അത്‌ലറ്റിക്കോ ബില്‍ബാവോ കോച്ച് വല്‍വെര്‍ഡെ മുന്‍തൂക്കം നല്‍കുന്നത്. പതിനാറ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് ബാഴ്‌സലോണ വഴങ്ങിയത്.

സ്പാനിഷ് സൂപ്പര്‍ കപ്പിലേറ്റ തോല്‍വിയാണ് ബാഴ്‌സയെ ഉണര്‍ത്തിയത്. അതിന് ശേഷം വല്‍വെര്‍ഡെക്ക് കീഴില്‍ ചിട്ടയോടെയുള്ള തയ്യാറെടുപ്പാണ് ടീം നടത്തിയതെന്ന് ഗോള്‍ കീപ്പര്‍ മാര്‍ക് ആന്‍ഡര്‍ ടെര്‍ സ്റ്റിഗെന്‍ പറഞ്ഞു.
സൂപ്പര്‍ കപ്പില്‍ ഇരുപാദത്തിലുമായി 5-1നായിരുന്നു ബാഴ്‌സയുടെ പരാജയം.
ഈ തോല്‍വിയുടെ താഴ്ചയില്‍ നിന്ന് ടീം കരകയറിയെന്ന് ബാഴ്‌സലോണ ക്യാപ്റ്റന്‍ ആന്ദ്രെ ഇനിയെസ്റ്റ മുന്നറിയിപ്പ് നല്‍കി. ഭൂതകാലത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. എല്‍ക്ലാസികോ മറ്റൊരു മത്സരമാണ്. മികവ് കാണിക്കുന്നവര്‍ ജയിക്കും. ലീഗ് ടേബിളില്‍ എതിരാളിയുടെ സ്ഥാനം എവിടെയാണെന്ന് നോക്കുന്നില്ല. ഇതൊന്നുമല്ല മത്സരത്തെ ബാധിക്കുക – ഇനിയെസ്റ്റ പറഞ്ഞു.