Connect with us

Editorial

ട്രംപിന്റെ അഹന്തക്കേറ്റ തിരിച്ചടി

Published

|

Last Updated

ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനത്തെ യു എന്‍ നിരാകരിച്ച വാര്‍ത്ത ലോകം ആഹ്ലാദത്തോടെയാണ് കേട്ടത്. സമീപ കാലത്ത് യു എന്നില്‍ നിന്നു കേട്ട ഏറ്റവും നല്ല വാര്‍ത്തയായിരുന്നു ഇത്. യു എസ് തീരുമാനത്തിനെതിരെ യമനും തുര്‍ക്കിയും ചേര്‍ന്നു അവതരിപ്പിച്ച പ്രമേയം ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്ക് യു എന്‍ അംഗീകരിക്കുകയായിരുന്നു. ജറുസലമിന്റെ കാര്യത്തില്‍ ഇസ്‌റാഈലും ഫലസ്തീനും ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുക, ട്രംപിന്റെ പ്രഖ്യാപനത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ ആവശ്യങ്ങള്‍. അമേരിക്കക്കും ഇസ്‌റാഈലിനും പുറമെ അയര്‍ലന്‍ഡ്, ഹോണ്ടുറസ്, ഗ്വാട്ടിമല, നഊറു, പലാവു, ടോഗോ, മൈക്രോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തുവോട്ട് ചെയ്തത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ സഖ്യകക്ഷി രാജ്യങ്ങളടക്കം അമേരിക്കക്കെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യുന്നവര്‍ക്ക് നല്‍കി വരുന്ന സഹായം വെട്ടിക്കുറക്കുമെന്ന് യു എന്നിലെ യു എസ് അംബാസഡര്‍ നിക്കി ഹേലി താക്കീത് നല്‍കിയിരുന്നു. “ഞങ്ങളുടെ പണം വാങ്ങി ഞങ്ങള്‍ക്കെതിരെ വോട്ടുചെയ്യാനാണ് ശ്രമമെങ്കില്‍ അവര്‍ അതുചെയ്യട്ടെ. ബാക്കി അപ്പോള്‍ കാണാ”മെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതെല്ലാം അവഗണിച്ചാണ് പല രാഷ്ട്രങ്ങളും പ്രമേയത്തെ അനുകൂലിച്ചതെന്നത് ശ്രദ്ധേയമാണ്.

പ്രമേയത്തിന് ലഭിച്ച പിന്തുണ ട്രംപിന്റെ അഹന്തക്കേറ്റ കനത്ത പ്രഹരമായാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി യു എന്‍ പൊതുസഭയില്‍ നടന്ന ചര്‍ച്ചയില്‍ പല രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ കടുത്ത ഭാഷയിലാണ് ട്രംപിനെ വിമര്‍ശിച്ചത്. എപ്പോഴും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് ആക്ഷേപിക്കപ്പെടുന്ന യു എന്നില്‍ നിന്ന് തന്നെ ഇത്തരത്തില്‍ തിരിച്ചടിയുണ്ടായത് ട്രംപിന് ക്ഷീണമായിട്ടുണ്ടെന്ന് വോട്ടെടുപ്പിന് ശേഷമുള്ള യു എസ് അംബാസിഡര്‍ നിക്കി ഹേലിയുടെ പ്രതികരണം വ്യക്തമാക്കുന്നു. ജറുസലം വിഷയത്തില്‍ അമേരിക്ക ഒറ്റപ്പെട്ടുപോയ സംഭവം തങ്ങള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു പ്രതികരണം. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ജറുസലമിനെ തലസ്ഥാനമായി അംഗീകരിച്ച നടപടി നിരാകരിക്കുകയും ഒരു രാജ്യവും ജറുസലമില്‍ എംബസി തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം രണ്ട് ദിവസം മുമ്പ് യു എന്നില്‍ ഈജിപ്ത് അവതരിപ്പിച്ചിരുന്നു. ഈ പ്രമേയത്തോട് ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി അമേരിക്കയുടെ അടുത്ത സഖ്യ രാജ്യങ്ങളടക്കം സമിതിയിലെ മറ്റു 14 അംഗങ്ങളും അനുകൂലം പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്ക അത് വീറ്റോ ചെയ്യുകയാണുണ്ടായത്.

ഇന്ത്യ അമേരിക്കക്കെതിരെയാണ് വോട്ട് ചെയ്തത്. ഇസ്‌റാഈല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ തന്നെ, ഈ പ്രഖ്യാപനം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ പ്രസ്താവിച്ചിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രമാണ്. അത് ഇന്ത്യയുടെ വിദേശ നയത്തിനും താത്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപപ്പെട്ടുവന്നതാണ്. മുന്നാമത് ഒരു രാജ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സ്വതന്ത്ര ഫലസ്തീനിനായുള്ള പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇന്ത്യ ഇക്കാലമത്രയും പിന്തുടര്‍ന്നു വന്ന നയങ്ങളുടെ തുടര്‍ച്ചയാണ് ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ യു എന്നില്‍ സ്വീകരിച്ചത്. ഇത് അഭിനന്ദാര്‍ഹമാണ്.

മുസ്‌ലിംകളുടെ മുഖ്യആരാധനാ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ ഉള്‍ക്കൊള്ളുന്ന ജറുസലം 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ അധീനതയിലാക്കിയെങ്കിലും അതിനെ ഇസ്‌റാഈലിന്റെ ഭാഗമായി യു എന്‍ അംഗീകരിച്ചിട്ടില്ല. മുസ്‌ലിംകള്‍ക്ക് പുറമെ ക്രിസ്ത്രീയ വിഭാഗവും ജൂതരും ജറൂസലമിന് മഹത്വം കല്‍പിക്കുന്നുണ്ടെന്നതിനാല്‍ ഇക്കാര്യത്തില്‍ ഇസ്‌റാഈലിനോ അമേരിക്കക്കോ മാത്രമായി ഏകപക്ഷീയ നിലപാട് സ്വീകരിക്കാനാവില്ലെന്നും എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചര്‍ച്ചയിലുടെ വേണം അതിന്റെ പദവിയും അവകാശവും നിശ്ചയിക്കേണ്ടതെന്നുമാണ് യു എന്‍ രക്ഷാസമിതി നേരത്തെ എടുത്ത നിലപാട്. അതിന് കടക വിരുദ്ധമാണ് ട്രംപിന്റെ പ്രഖ്യാപനം. യു എന്നില്‍ അറബ് സമൂഹത്തിന്റെ പ്രമേയം വിജയിച്ചെങ്കിലും ജറുസലേം വിഷയത്തില്‍ ട്രംപിന്റെ പ്രഖ്യാപിത നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചു തങ്ങളുടെ എംബസി അങ്ങോട്ടു മാറ്റാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും യു എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അമേരിക്കക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതാണ്. പലപ്പോഴും അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി, ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ചു ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ യു എന്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ യു എന്നിന്റെ നയത്തെ അമേരിക്ക വെല്ലുവിളിക്കുമ്പോള്‍ ഈ ആയുധം തിരിച്ചും പ്രയോഗിക്കാന്‍ സംഘടന ആര്‍ജ്ജവം കാണിക്കണം.