ദുബൈ ഫ്രെയിം സജ്ജമായി; ഉദ്ഘാടനം ഉടന്‍

Posted on: December 22, 2017 8:37 pm | Last updated: December 22, 2017 at 8:37 pm

ദുബൈ: ദുബൈയുടെ പൗരാണികത മുതല്‍ ഈ കാലഘട്ടത്തിലെ പുത്തന്‍ കാഴ്ചകള്‍വരെ ഒരുക്കുന്ന ദുബൈ ഫ്രെയിം അടുത്ത ആഴ്ച സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

അതേസമയം, ദുബൈ സഫാരി പാര്‍കിന് അനുവദിച്ച സൗജന്യ പ്രവേശനത്തിന് സമാനമായ പ്രവേശനം നല്‍കുകയില്ല. ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും പ്രത്യേകമായി തയ്യാറാക്കുന്ന വെബ്‌സൈറ്റ് വഴിയും സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫ്രെയിമിനകത്തേക്ക് പ്രവേശനം അനുവദിക്കുകയില്ല. കൂടുതല്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാത്തതിനാലാണ് പ്രവേശനം നിജപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഗതകാലവും വര്‍ത്തമാനവും പരസ്പരം ബന്ധിപ്പിക്കുന്നതായിരിക്കും ദുബൈ ഫ്രെയിം. 140 മീറ്റര്‍ ഉയരത്തിലാണു ഫ്രെയിം. വിനോദ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ചരിത്രാവബോധം നല്‍കുന്ന കാഴ്ചയാകും ഫ്രെയിം നല്‍കുക. 16 കോടി ദിര്‍ഹമാണ് ഇതിനായി നഗരസഭ വകയിരുത്തിയത്.

സബീല്‍ പാര്‍കിലെ സ്റ്റാര്‍ ഗേറ്റിനു സമീപമാണ് ദുബൈ ബര്‍വാസ് എന്ന് പേരിട്ട ഫ്രെയിം. അകവും പുറവും ഒരേപോലെ കാണാന്‍ കഴിയുന്ന ചില്ലില്‍ പൊതിഞ്ഞ രണ്ടു കൂറ്റന്‍ സ്തൂപങ്ങളുടെ ചേര്‍ച്ചയാണിത്. ഉയരത്തില്‍ സഞ്ചരിച്ചു നഗരത്തിന്റെ നാലു ദിക്കും കണ്ടിറങ്ങാന്‍ കഴിയുന്നതു അപൂര്‍വ അനുഭവമായിരിക്കും. ചില്ലുകള്‍ കൊണ്ടു ആവരണം ചെയ്തതിനാല്‍ ആകാശയാത്രയുടെ പ്രതീതി സഞ്ചാരികള്‍ക്കുണ്ടാകും. കോഫീ ഷോപ്പുകളും ആവശ്യമായ സേവനങ്ങളും ഫെയ്രിമിനകത്ത് ഒരുക്കും. രാജ്യാന്തര നിലവാരത്തിലാണ് ഓരോ ഘട്ട നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കുന്നത്. ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ് തുടങ്ങി ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ കെട്ടിടങ്ങളുടെ നിര്‍മാണ രീതിയാണ് ഫ്രെയിമിന്റെയും സവിശേഷത.

സന്ദര്‍ശകരെ സ്വീകരിക്കുന്ന ഹാളില്‍ ഒരു ചരിത്രാലയമുണ്ടാകും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി തയാറാക്കിയ ദുബൈയുടെ ദൃശ്യവിരുന്നും ചിത്രങ്ങളും നിറഞ്ഞതായിരിക്കും ഈ ഫ്രെയിം മ്യൂസിയം. അറുപതുകളില്‍ ആരംഭിച്ച എമിറേറ്റിന്റെ പുരോഗതിയുടെ പ്രയാണം എവിടെ എത്തിനില്‍ക്കുന്നുവെന്ന് ഹാളിലെ പ്രദര്‍ശനങ്ങളും ഫലകങ്ങളും ചിത്രങ്ങളും സന്ദര്‍ശകനെ ബോധ്യപ്പെടുത്തും.

യാത്രക്കാരനെയും വഹിച്ചു ഫ്രെയിമുകളിലെ അതിവേഗ ലിഫ്റ്റുകള്‍ ഫ്രെയിമിന്റെ നെറുകയിലേക്കു കുതിക്കും. സിനിമകളിലും ചിത്രങ്ങളിലും കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ദുബൈയുടെ നേര്‍കാഴ്ചയുടെ വിരുന്നായിരിക്കും ഈ യാത്ര.

വന്‍കിട കടല്‍ പദ്ധതികളും ബുര്‍ജ് ഖലീഫയും കടന്നു പഴയ ദേരയിലെ തെരുവുകളും ഷോപ്പിംഗ് മാളുകളും വാഹനം നിറഞ്ഞ നിരത്തുകളും മരുഭൂമിയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.
അവധി ദിവസങ്ങളില്‍ നിലക്കാത്ത ജനപ്രവാഹമുള്ള സാബീല്‍ പാര്‍കിന്റെ പ്രൗഢി കൂട്ടുന്നതായിരിക്കും ദുബൈ ഫ്രെയിം.