പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ തീകൊളുത്തി കൊന്നു

Posted on: December 22, 2017 1:34 pm | Last updated: December 22, 2017 at 2:56 pm

ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ പട്ടാപ്പകല്‍ തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ ലാലാഗുഡയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കമ്പ്യൂട്ടര്‍ ഓപറേറ്ററായി ജോലി ചെയ്യുന്ന സന്ധ്യാ റാണി (23) യാണ് കൊല്ലപ്പെട്ടത്.

ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. യുവതി ജോലി കഴിഞ്ഞു മടങ്ങവേയായിരുന്നു ആക്രമണമുണ്ടായത്. ഓഫീസിലെ മുന്‍ സഹപ്രവര്‍ത്തകനായ കാര്‍ത്തിക്കാണ് ആക്രമണത്തിന് പിന്നില്‍. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ യുവതിയുടെ അടുത്തെത്തിയ ഇയാള്‍ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചു. ഇതോടെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട് നിന്ന നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തു.