സസ്‌പെന്‍ഷന്‍: ജേക്കബ് തോമസ് നിയമയുദ്ധത്തിന്

Posted on: December 22, 2017 9:07 am | Last updated: December 22, 2017 at 11:39 am

തിരുവനന്തപുരം: സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഡി ജി പി ജേക്കബ് തോമസ് നിയമ നടപടിയിലേക്ക് കടക്കുമെന്ന് സൂചന. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് ജേക്കബ് തോമസ് നിയമോപദേശം തേടിയതായാണ് അറിയുന്നത്.
മുന്‍ ഡി ജി പി. ടി പി സെന്‍കുമാര്‍ നടത്തിയതിന് സമാനമായ നിയമ പോരാട്ടം നടത്താന്‍ ജേക്കബ് തോമസിനും സാധിക്കുമെന്ന ഉപദേശം ലഭിച്ചതായാണ് സൂചന.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാല്‍ സര്‍ക്കാറിനെതിരെ പോരാടാനുള്ള നിയമസാധുത നിലനില്‍ക്കുമെന്നും ഉപദേശം ലഭിച്ചിട്ടുണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് ജേക്കബ് തോമസിന് വാദിക്കാവുന്നതാണ്.
അതിനാല്‍ തന്നെ നിയമവിരുദ്ധമായാണ് സസ്‌പെന്‍ഷനെന്ന നിലപാട് അദ്ദേഹത്തിന് ആവര്‍ത്തിക്കാനുമാവും. ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ആള്‍ ഇന്ത്യാ സര്‍വീസ് ചട്ടപ്രകാരം റൂള്‍ 3(1 എ) അനുസരിച്ചുള്ള കുറ്റത്തിനാണ് നടപടി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ നടപടിയാണ് ഈ ചട്ടപ്രകാരം കൈക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറഞ്ഞിട്ടുള്ള ചട്ടം തനിക്ക് ബാധകമാകില്ലെന്ന് ജേക്കബ് തോമസിന് വാദിക്കാനാകുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സസ്‌പെന്‍ഷന്‍ ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ എത്ര ദിവസമാണ് സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്ന് വ്യക്തമാക്കാത്തതിനാല്‍ പരമാവധി ആറ് മാസം വരെ പുറത്ത് നില്‍ക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ജേക്കബ് തോമസിനുമേല്‍ ആരോപിച്ചിരിക്കുന്ന കുറ്റത്തില്‍ പരമാവധി ആറ് മാസം വരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സര്‍ക്കാറിന് അധികാരവുമുണ്ട്.

അതേസമയം, ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാറിനെതിരെ പരിഹാസ ശരങ്ങളുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി. സര്‍ക്കാറിന് കൂടെക്കൂട്ടാന്‍ പറ്റാത്ത ആളായതുകൊണ്ടാകാം തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശനം. ആര്‍ക്കോ വേണ്ടി മുഖ്യമന്ത്രി തന്നെ മാറ്റി നിര്‍ത്തിയതാകാമെന്നും പറഞ്ഞ അദ്ദേഹം വിജിലന്‍സിനെയും പരിഹസിച്ചു. വിജിലന്‍സിന് കേസുകളില്ലാത്തത് നാട്ടിലെ അഴിമതി കുറഞ്ഞതിനാലാവാമെന്നായിരുന്നു പരിഹാസം.
അതിനിടെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വീസില്‍ നിന്ന് രാജിവെക്കാന്‍ ജേക്കബ് തോമസ് ഉദ്ദേശിക്കുന്നുണ്ടന്ന തരത്തിലും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. രണ്ട് വര്‍ഷവും അഞ്ച് മാസവും സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസ് പ്രകോപനമൊന്നുമില്ലാതെ സര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.