ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്‌

Posted on: December 21, 2017 8:38 am | Last updated: December 21, 2017 at 10:01 am
SHARE

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയായ എ ഐ എ ഡി എം കെയുടെ വിമത പക്ഷം പുറത്തുവിട്ട ജയലളിതയുടെ ആശുപത്രി ദൃശ്യം വിവാദമായി. എന്നാല്‍, ദൃശ്യം പരസ്യപ്പെടുത്തുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമം 126-1 ബി വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി ഇടപെട്ടു.

എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ദിനകരന്‍ പക്ഷ നേതാവ് വി വെട്രിവേലാണ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. ഇത് ചില വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിശാവസ്ത്രത്തില്‍ കിടക്കുന്ന ജയലളിത ജ്യൂസ് കുടിച്ച് കൊണ്ട് ടി വി കാണുന്നതാണ് ദൃശ്യത്തിലുള്ളത്. മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നിലനില്‍ക്കെയാണ് ആദ്യമായി ആശുപത്രിയില്‍ നിന്നുള്ള ജയലളിതയുടെ ദൃശ്യം പുറത്തുവരുന്നത്. ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ദിനകരന്‍ പക്ഷം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തുവിട്ടതെന്ന് എ ഐ എ ഡി എം കെയും ഡി എം കെയും ആരോപിക്കുന്നു. വീഡിയോ ജയലളിതയുടെ തോഴി വി കെ ശശികല തന്നെ പകര്‍ത്തിയതാകാമെന്നാണ് നിഗമനം. വീഡിയോ പുറത്തുവിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ ഐ എ ഡി എം കെ നേതാവും ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാര്‍ കേന്ദ്ര കമ്മീഷനോട് തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു.
അതേസമയം, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് വെട്രിവേല്‍ പറയുന്നത്. പലരും പറയും പോലെ മരണാസന്നയായ ശേഷമല്ല ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വെട്രിവേല്‍ അവകാശപ്പെടുന്നു. ജയലളിതയുടെ ആശുപത്രിവാസ കാലത്തെ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ശരിയായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് വീഡിയോ പുറത്തുവിട്ടതിന് പിന്നിലെന്നാണ് വിവരം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here