Connect with us

Editorial

പത്രപ്രവര്‍ത്തകര്‍ക്ക് വെടിയുണ്ട

Published

|

Last Updated

ജീവന്‍ പണയം വെച്ചുള്ള തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് പത്രപ്രവര്‍ത്തനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചു വരികയാണെവിടെയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം 68 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡര്‍ (ആര്‍ എസ് എഫ്) കണ്ടെത്തിയത്. 1992ന് ശേഷമുള്ള കാല്‍നൂറ്റാണ്ടിനിടയില്‍ ഏകദേശം രണ്ടായിരത്തോളം പത്രപ്രവര്‍ത്തകര്‍ ഔദ്യോഗിക ജീവിതത്തിന് ഇടയില്‍ കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെച്ച് നടത്തിയ അക്രമങ്ങളുടെ എണ്ണം 787 വരും. ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടന്നതും നിയമ നടപടികള്‍ സ്വീകരിച്ചതും 13 ശതമാനം കേസുകളില്‍ മാത്രമാണ്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമുണ്ട് നിരവധി. ചൈനയില്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ബ്ലോഗ് എഴുതിയവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചിരിക്കുന്നത് തുര്‍ക്കിയാണ്.

ഇന്ത്യയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. എതിര്‍ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും ആശയപരമായി നേരിടാന്‍ കഴിയാതെ കാവിരാഷ്ട്രീയം വെടിയുണ്ട കൊണ്ടും ആയുധങ്ങള്‍കൊണ്ടുമാണ് അവയെ പ്രതിരോധിക്കുന്നത്. പത്രപ്രവര്‍ത്തകരിലും എഴുത്തുകാരിലും കലാകാരന്മാരിലും പ്രലോഭനങ്ങളില്‍ വീഴുന്നവരെ ആ നിലയില്‍ വലയിലാക്കുമ്പോള്‍, വഴങ്ങാത്തവരെ വധഭീഷണി മുഴക്കി നിശബ്ദമാക്കുന്നതാണ് കാണുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 1990 മുതല്‍ എണ്‍പതോളം പത്രപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല ചെയ്യപ്പെട്ടു. 2016ല്‍ മാത്രം അഞ്ച് പേര്‍ വധിക്കപ്പെട്ടു. നിശ്ശബ്ദമായ ഒരു അടിയന്തരാവസ്ഥയാണ് മാധ്യമ ലോകത്ത് നിലനില്‍ക്കുന്നത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് രാഹുല്‍ ജലാലി പറയുന്നത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, ഭരണകൂടത്തിന്റെ കരിനിയമങ്ങളും നിയന്ത്രണങ്ങളും അതിജീവിച്ചു പത്രപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥ അതിലും ഭയാനകമാണെന്നാണ.്

രാജ്യത്തെ പല അഴിമതി കഥകളും പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. ഭരണഘടന അനുവദിച്ച പത്രസ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ അവര്‍ അഴിമതിക്കേസുകള്‍ കണ്ടെത്തുന്നത്. ഇന്ന് പക്ഷേ അഴിമതിയെക്കുറിച്ചു സംസാരിച്ചാല്‍ വധഭീഷണിയാണ്. അമിത്ഷായുടെ മകന്‍ ജയ്ഷായുടെ ആഴിമതി വാര്‍ത്ത പുറത്തു കൊണ്ടുവന്ന വയര്‍ ലേഖിക രോഹിണി സിംഗിന് വധഭീഷണി വന്നു. പണാപഹരണം മാത്രമല്ല ദുരൂഹമായ കൊലപാതകങ്ങളുടെ പരമ്പരകൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന വ്യാപം അഴിമതി. ഈ തട്ടിപ്പ് പുറത്തു കൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആജ്തക് ചാനലിന്റെ പ്രവര്‍ത്തകന്‍ അക്ഷയസിംഗ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു.

ജനാധിപത്യത്തിന്റെ നാലാം ശിലയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) എ വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യം അഥവാ സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും അനുവദിക്കുന്നുണ്ട്. എന്നാല്‍ മറ്റു മൂന്ന് ശിലകള്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം മാധ്യമ മേഖലക്ക് ലഭ്യമാകുന്നില്ല. ജനപ്രതിനിധികള്‍ക്കും കോടതികള്‍ക്കും ഭരണഘടന പലവിധത്തിലുള്ള സംരക്ഷണം അനുവദിച്ചിട്ടുണ്ട്, എന്നാല്‍ ജീവനും സ്വത്തിനും ഭരണഘടന നല്‍കിയിട്ടുള്ള സംരക്ഷണം പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്നില്ല. ശ്രമകരവും സാഹസികവുമാണ് പലപ്പോഴും പത്രപ്രവര്‍ത്തനം. ഇതിനിടയിലാണ് പലര്‍ക്കും സ്വന്തം ജീവന്‍ തെരുവില്‍ ബലികൊടുക്കേണ്ടി വരുന്നതും തടവറകളില്‍ ജീവിതം ഹോമിക്കേണ്ടി വരുന്നതും. ഭരണകൂട സ്ഥാപിത താത്പര്യങ്ങളുടെ ഇരകളായി തീരുകയാണ് അവര്‍. അധോലോക സംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമൊപ്പം പലപ്പോഴും ഭരണകൂടങ്ങളും അവരെ വേട്ടയാടുന്നു. പത്രസ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ട ചുമതല നിര്‍വഹിക്കേണ്ടവര്‍ തന്നെ അവര്‍ക്കെതിരെ തോക്കെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി മിക്ക ഭരണാധിപര്‍ക്കും മാധ്യമങ്ങളുടെ സ്തുതിപാഠനമാണ് വേണ്ടത്. വിമര്‍ശനങ്ങളെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് ഇവരൊക്കെയും പത്രസമ്മേളനങ്ങളില്‍ നിന്നൊഴിഞ്ഞു മാറുന്നതും പല വേദികളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നതും. ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുത്ത് മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും ജീവന്‍ സംരക്ഷിക്കാനും ശക്തമായ നിയമം ആവശ്യമാണ്.

Latest