Connect with us

Ongoing News

കട്ടക്ക് ട്വന്റി20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 93 റണ്‍സ് ജയം

Published

|

Last Updated

കട്ടക്ക്: ടെസ്റ്റ്, ഏകദിന പരമ്പരകളുടെ തുടര്‍ച്ച പോലെ ഇന്ത്യ ട്വന്റി20 പരമ്പരയിലും വിജയത്തുടക്കമിട്ടു. ശ്രീലങ്കയെ ആദ്യ മത്സരത്തില്‍ 93 റണ്‍സിനാണ് കെട്ടുകെട്ടിച്ചത്. ഒരു ഘട്ടത്തില്‍ പോലും രോഹിത് ശര്‍മക്കും സംഘത്തിനും വെല്ലുവിളി ഉയര്‍ത്താന്‍ തിസര പെരേരയുടെ ലങ്കന്‍ നിരക്ക് സാധിച്ചില്ല. പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നില്‍.

സ്‌കോര്‍ : ഇന്ത്യ 183/3 (20 ഓവര്‍) ; ശ്രീലങ്ക 16 ഓവറില്‍ 87ന് ആള്‍ ഔട്ട്.

ടോസ് ജയിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആ തീരുമാനം പിഴച്ചു പോയെന്ന് തിസര പെരേര പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. സ്ഥിരതയുള്ള കൂട്ടുകെട്ടുകളിലൂടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് വേഗത കുറയാതെ നീങ്ങി. ക്യാപ്റ്റന്‍ രോഹിതാണ് ആദ്യ പന്ത് നേരിട്ടത്. ഒപ്പം ലോകേഷ് രാഹുലും. ഇരുവരും ഒന്നാം വിക്കറ്റില്‍ 38 റണ്‍സടിച്ചു. അഞ്ചാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മയിലൂടെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമാകുന്നത്. 13 പന്തുകളില്‍ രണ്ട് ഫോര്‍ ഉള്‍പ്പടെ 17 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. ഏഞ്ചലോ മാത്യൂസിന്റെ പന്തില്‍ ചമീരക്ക് ക്യാച്ചായാണ് മടക്കം.

രാഹുലും ശ്രേയസ് അയ്യറും ചേര്‍ന്ന് സ്‌കോര്‍ മൂന്നക്കം കടത്തി. 12.4 ഓവറില്‍ ടീം സ്‌കോര്‍ 101 ല്‍ നില്‍ക്കുമ്പോള്‍ അയ്യര്‍ വീണു. 20 പന്തില്‍ 24 റണ്‍സാണ് അയ്യര്‍ നേടിയത്. വിക്കറ്റ് പ്രദീപിനാണ്. വിക്കറ്റ് കീപ്പര്‍ ഡിക്വെലക്ക് ക്യാച്ച്. മൂന്ന് ബൗണ്ടറികള്‍ അയ്യര്‍ നേടി.

മൂന്നാം വിക്കറ്റ് സഖ്യത്തിന് അധികം ആയുസില്ലായിരുന്നു. അടിച്ചു കളിച്ച രാഹുലിനെ പെരേര ബൗള്‍ഡാക്കി. 48 പന്തുകളില്‍ 61 റണ്‍സാണ് രാഹുലിന്റെ സ്‌കോറിംഗ്. ഏഴ് ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടുന്നു. എം എസ് ധോണി (39), മനീഷ് പാണ്ഡെ (32) പുറത്താകാതെ നിന്നു.
ശ്രീലങ്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍ 23 റണ്‍സടിച്ച ഉപുല്‍ തരംഗയാണ്. ഡിക്വെല (13), കുശാല്‍ പെരേര (19), ചമീര (12) എന്നിവര്‍ മാത്രമാണ് രണ്ടക്ക സ്‌കോര്‍ കണ്ടെത്തിയത്.
ചാഹല്‍ നാല് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും വീഴ്ത്തി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റ്. ഉനാദ്കാദിന് ഒരു വിക്കറ്റ്.

രോഹിതിന് 1500

വിരാട് കോഹ് ലിയുടെ അഭാവത്തില്‍ നായകസ്ഥാനത്തേക്കുയര്‍ന്ന രോഹിത് ശര്‍മ ബാറ്റെടുത്താല്‍ റെക്കോര്‍ഡാണ്. ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരയില്‍ മൊഹാലിയില്‍ 208 റണ്‍സടിച്ച് മൂന്നാം ഡബിള്‍ നേടിയ രോഹിത് ട്വന്റി20 പരമ്പരയില്‍ മറ്റൊരു നേട്ടം കൈവരിച്ചു. കുട്ടിക്രിക്കറ്റില്‍ 1500 റണ്‍സടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത്. ആദ്യ താരം വിരാട് കോഹ് ലിയാണ്. അന്താരാഷ്ട്ര താരങ്ങളില്‍ രോഹിതിന്റെ സ്ഥാനം പതിനാലാമതാണ്.
69ാം മത്സരത്തിലാണ് രോഹിത് 1500 റണ്‍സ് എന്ന നാഴികക്കല്ല് താണ്ടിയത്. കട്ടക്കില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ രോഹിതിന്റെ ടോട്ടല്‍ റണ്‍സ് 1485 ആയിരുന്നു.
15 റണ്‍സകലെയായിരുന്നു 1500 ! പതിമൂന്ന് പന്തില്‍ 17 റണ്‍സടിച്ച് പുറത്താകുമ്പോള്‍ രോഹിത് ആ മാന്ത്രിക സംഖ്യ പിന്നിട്ടിരുന്നു. 30.04 ശരാശരിയിലാണ് മുംബൈ ഓപണര്‍ 1500 റണ്‍സിലെത്തിയത്. 129.93 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും പന്ത്രണ്ട് അര്‍ധസെഞ്ച്വറിയുമാണ് ടി20യില്‍ രോഹിത് നേടിയത്.

വിരാട് കോഹ് ലി 1956 റണ്‍സുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. 52.86 ആണ് കോഹ് ലിയുടെ ബാറ്റിംഗ് ശരാശരി. പതിനെട്ട് അര്‍ധസെഞ്ച്വറികളാണ് വിരാടിന്റെ ഇന്നിംഗ്‌സുകളില്‍ ഇടം പിടിച്ചത്.
ടി20യില്‍ ഏറ്റവുമധികം സ്‌കോര്‍ നേടിയ രണ്ടാമത്തെ താരമാണ് കോഹ് ലി. ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കല്ലമാണ് ടോപ് സ്‌കോറര്‍. കിവീസ് താരം 70 മത്സരങ്ങളില്‍ നിന്ന് 2140 റണ്‍സടിച്ചു. ശരാശരി 35.66 ആണ്.

 

---- facebook comment plugin here -----

Latest