മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാള്‍ നാളെ

Posted on: December 20, 2017 10:37 am | Last updated: December 20, 2017 at 10:37 am

തിരൂര്‍: മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികം മലപ്പുറത്തെ വിക്കിമീഡിയരുടേയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല ചരിത്രവിഭാഗത്തിന്റേയും നേതൃത്വത്തില്‍ തിരൂര്‍ മലയാളം സര്‍വകലാശലയില്‍ വെച്ച് നടക്കുന്നു. ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവവാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിക്കിപീഡിയ അറിവിന്റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും, ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.പി രഞ്ജിത്ത്, ഡോ. ടി വി സുനിത, കെ മനോജ് എന്നിവര്‍ വിഷയമവതരിപ്പിക്കും. പിറന്നാളോഘോഷത്തോടൊപ്പം വിക്കിപഠന ശിബിരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കിപീഡിയ, ഫ്രീസോഫ്റ്റ് വെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓപണ്‍ ചര്‍ച്ചയും നടക്കും.

ആര്‍ക്കും എഴുതിച്ചേര്‍ക്കാവുന്ന ഒരു സ്വതന്ത്ര വിജ്ഞാന കോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999 ല്‍ ആണ് മുന്നോട്ട് വെച്ചത്. വേര്‍ഡ് കണ്ണിംഗ്ഹാം വിക്കി എന്ന ആശയവും സോഫ്റ്റ്‌വെയറും ഉണ്ടാക്കി. 2002 ഡിസംബര്‍ 21 മുതലാണ് മലയാളം വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുവാന്‍ തുടങ്ങിയത്. 2001 , ജനുവരി 15നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ ജിമ്മിവെയില്‍സും ലാറി സാങറും ചേര്‍ന്ന് വിക്കിപീഡിയ തുടങ്ങുന്നത്. 2002 ഡിസംബര്‍ 21 നാണ് മലയാളം വിക്കിപീഡിയക്ക് തുടക്കം കുറിക്കുന്നത്. 53,000 ല്‍ പരം ലേഖനങ്ങളും 300 ല്‍ പരം സജീവ ഉപയോക്താക്കളുമാണ് ഉള്ളത്. സാധാരണക്കാരടക്കം ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സന്നദ്ധ സേവകരാണ് ഈ സംരഭത്തെ നയിക്കുന്നത്. ഈ സംരംഭത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ കെ. സുഹൈറലി അറിയിച്ചു. മലയാളം വിക്കി പതിനഞ്ചാം വാര്‍ഷികം കുവൈത്ത്, ഡല്‍ഹി, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, വയനാട്, ഇടുക്കി എന്നിവിടങ്ങളിലും നടക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 9497351189