ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ദേശീയദിനം ആഘോഷിച്ച് ഖത്വര്‍

Posted on: December 19, 2017 9:02 pm | Last updated: December 20, 2017 at 10:48 pm

ആത്മവിശ്വാസത്തിന്റെ കരുത്തും ഐക്യത്തിന്റെ ശക്തിയും ആഹ്ലാദമാക്കി രാജ്യം ദേശീയദിനം ആഘോഷിച്ചു. രാജ്യത്തിന്റെ അന്തസും പ്രതാപവും പ്രദര്‍ശിപ്പിച്ച വര്‍ണാഭമായ ആഘോഷമാണ് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ സൈനിക പരേഡോടെ നടന്ന ഔദ്യോഗിക ആഘോഷത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി എന്നിവരും ഡെപ്യൂട്ടി അമീറുമാരും മന്ത്രിമാരും ആഹ്ലാദപൂര്‍വം ആഘോഷത്തില്‍ പങ്കെടുത്തു. അയല്‍ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന സാഹചര്യത്തില്‍ ദേശസ്‌നേഹത്തിന്റെ വൈകാരികതകളും ഭരണാധാകാരികളോടുള്ള ഐക്യദാര്‍ഢ്യവും പ്രകടപ്പിച്ച് സ്വദേശികളും പ്രവാസികളും കൂട്ടത്തോടെ ആഘോഷത്തില്‍ പങ്കെടുത്തു.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിനാണ് ദോഹ കോര്‍ണിഷില്‍ ഒദ്യോഗിക സൈനിക പരേഡ് നടന്നത്. പത്താമത് ദേശീയ മാര്‍ച്ച് രാജ്യത്തെ ഏറ്റവും വലിയ സൈനിക പരേഡായിരുന്നു ഇത്. ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി തുടങ്ങിയ രാജകുടുംബാംഗങ്ങളും അമീറിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ, ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ്, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍, സൈനിക മേധാവികള്‍, മന്ത്രാലയം മേധാവികള്‍ എന്നിവരും പങ്കെടുത്തു. ദേശീയഗാനത്തോടെയായിരുന്നു ഔദ്യോഗിക ആഘോഷത്തിന്റെ തുടക്കം. തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ മാര്‍ച്ച് നടന്നു. ആകാശത്ത് അഭ്യാസ വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത് വായുസേന, പാരച്യൂട്ട് സംഘങ്ങളുടെയും പ്രകടനം ഉണ്ടായി. സൈനിക വിമാനങ്ങള്‍ക്കൊപ്പം യാത്രാ വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും പ്രദര്‍ശനപ്പറക്കല്‍ നടത്തി. കടലില്‍ സമുദ്രസേനയുടെ പ്രകടനങ്ങളും നടന്നു. കണ്ണഞ്ചിപ്പിക്കുന്നതും രാജ്യത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതുമായി പരേഡ്. കാല്‍നടയായും കുതിരപ്പുറത്തും സൈനിക വാഹനങ്ങളിലുമായി പട്ടാളം ചുവടുവെച്ചു. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ലഖ്‌വിയ തുടങ്ങിയ വിഭാഗങ്ങളും ഉപയോഗിക്കുന്ന വ്യത്യസ്ത വാഹനങ്ങളും ഉപകരണങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. കര, വായു, നാവിക സേനകള്‍ക്കൊപ്പം ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, കോസ്റ്റ് സെക്യൂരിറ്റി, ബോര്‍ഡര്‍ ആന്‍ഡ് ട്രാഫിക് വിഭാഗം, പൊലിസ് കോളജ്, നാഷനല്‍ സര്‍വീസ് സോള്‍ജിയേഴ്‌സ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങളാണ് യൂനിഫോമും ആയുധങ്ങളുമേന്തി പരേഡില്‍ അണി നിരന്നത്. ക്ലാസിക് കാറുകളുടെയും ബോട്ടുകളുടെയും പ്രദര്‍ശനവുമുണ്ടായി.