വിരുന്നുകാരായി ദേശാടനക്കിളികളെത്തി താത്കാലികമായി അടച്ച സഫാരി പാര്‍ക് തുറന്നു

Posted on: December 19, 2017 8:49 pm | Last updated: December 19, 2017 at 8:49 pm

ദുബൈ: രാജ്യവ്യാപകമായുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് താത്കാലികമായി അടച്ചിരുന്ന ദുബൈ സഫാരി ഇന്നലെ തുറന്നു. മഴക്ക് ശേഷം തുറന്ന പാര്‍കില്‍ നിരവധി ദേശാടനക്കിളികള്‍ വിരുന്നെത്തിയത് അധികൃതരിലും സന്ദര്‍ശകരിലും ഒരേപോലെ ആശ്ചര്യമുളവാക്കി.

പാര്‍ക് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ദേശാടനപക്ഷികളെ പ്രതീക്ഷിച്ചില്ലായിരുന്നെന്നു ദുബൈ സഫാരിയിലെ പ്രിന്‍സിപ്പല്‍ ലൈഫ് സ്‌പെഷ്യലിസ്റ്റ് ഡോ. റേസ ഖാന്‍ പറഞ്ഞു. എണ്‍പതിലധികം ഇനങ്ങള്‍ ഇവിടെ റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 70 ശതമാനം ദേശാടന പക്ഷികളാണ്. ഇവയില്‍ പലതും ഇവിടെ കൂടൊരുക്കുകയും മുട്ടയിടുകയുംചെയ്തു. അബുദാബിയില്‍ സാധാരണ എത്താറുള്ള ഗ്രെറ്റര്‍ ഫഌമിംഗോസ് ആണ് പ്രധാനം. ധാരാളം കുറ്റിക്കാടുകളും തടാകങ്ങളും ഉള്ളതാവാം ദേശാടന പക്ഷികളെ ഇവിടേക്ക് ആകര്‍ഷിച്ചത്. ചില ഇനങ്ങള്‍ സ്ഥിര താമസം ആക്കുമെന്നാണ് പ്രതീക്ഷ. ഈ ശൈത്യകാലത്തു നാല് പുതിയ ഇനങ്ങള്‍ അതിഥികളായി. ആദ്യമായാണ് ഈ മേഖലയില്‍ ഇത്തരം പക്ഷികള്‍. ചതുപ്പു നിലങ്ങളില്‍ കാണപ്പെടുന്ന കുഞ്ഞു പക്ഷികള്‍ വിസ്മയമാണ്. യൂറോപ്പ്, മേേധ്യഷ്യ എന്നിവിടങ്ങളില്‍ കാണാറുള്ള ഡോറിയന്‍ അഥവാ ഇസബെല്ലിനെ വര്‍ണ കാഴ്ചയാണ്. ഇറാനില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും പക്ഷികള്‍ എത്തി. ധാരാളം പൂമ്പാറ്റകളും എത്തിയിട്ടുണ്ട്. പക്ഷികള്‍ കൃമികീടങ്ങളെ ഭക്ഷിക്കുന്നതും ശ്രദ്ധയില്‍പെടുന്നു. ഇവ പ്രത്യേക ആവാസ വ്യവസ്ഥ സൃഷ്ടിക്കുമെന്നും ഡോ. റെസ ഖാന്‍ കരുതുന്നു.

കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇന്നലെ പ്രവേശനം നല്‍കിയത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്ക് മാത്രമേ സഫാരി പാര്‍കില്‍ പ്രവേശനം അനുവദിക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ നേരത്തെ തന്നെ സന്ദര്‍ശകരെ ഒഴിവാക്കുകയും ചെയ്തു.

ഈ മാസം 12ന് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന സഫാരി പാര്‍കില്‍ നിലവില്‍ സൗജന്യ പ്രവേശനമാണ്. ഇതു മുതലാക്കി മലയാളികളടക്കം 14,000 പേര്‍ രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ക് സന്ദര്‍ശിച്ചു. ആദ്യ ദിവസം നാലായിരം പേരും രണ്ടാം ദിവസം 10,000 പേരും ഇവിടെ എത്തിയതായാണ് കണക്ക്.