കള്ള ടാക്‌സിക്കും നികുതിയടക്കാത്ത വാഹനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ കടിഞ്ഞാണ്‍

Posted on: December 17, 2017 11:48 am | Last updated: December 17, 2017 at 11:48 am

വളാഞ്ചേരി: അനധികൃത ടാക്‌സിയായി ഓടിയ വാഹനങ്ങളും നികുതിയടക്കാതെ സര്‍വീസ് നടത്തിയ ബസും മോട്ടോര്‍ വാഹാന വകുപ്പ് പിടികൂടി.

നികുതിയടക്കാത്ത ബസുകളടക്കമുള്ള വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് കഴിഞ്ഞ ദിവസം 25 ഓളം വാഹനങ്ങള്‍ പിടികൂടിയത്. തിരൂര്‍ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരാണ് കുറ്റിപ്പുറം, താനൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ അനധികൃ തമായി ടാക്‌സിയോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പരിശോധന നടത്തുന്നത്.

രൂപമാറ്റം വരുത്തിയ വാഹനങ്ങളടക്കം 14 ഓളം വാഹനയുടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തു. കുറ്റിപ്പുറത്തെ അപകടം കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റ് എ. എം വി ഐ. ആരിഫിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്.

നാട്ടിന്‍ പ്രദേശത്തോടുന്ന ബസുകള്‍ നികുതിയടക്കാതെ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാഹനങ്ങള്‍ പിടികൂടാന്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ജോ. ആര്‍ ടി ഒ മുജീബ് പറഞ്ഞു.

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിലെ ട്രാഫിക് ഐലന്റില്‍ ദേശീയപാതയിലോടുന്ന വാഹനങ്ങള്‍ക്കുള്ള സമയക്രമീകരണം മാറ്റാനുള്ള നിര്‍ദേശം കെല്‍ട്രോണ്‍ നടപ്പിലാക്കി.
ഇവിടെ ക്യാമറ സ്ഥാപിക്കുന്നതിനായുള്ള ശിപാര്‍ശ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒക്ക് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.