Connect with us

Editorial

ലാബ് പരിശോധന കുറ്റമറ്റതാകണം

Published

|

Last Updated

രോഗനിര്‍ണയത്തില്‍ രക്തപരിശോധന പലപ്പോഴും നിര്‍ണായകമാണ്. രക്തപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ പല രോഗങ്ങളും കണ്ടെത്തുന്നതും മരുന്നു നിര്‍ദേശിക്കുന്നതും. രോഗനിര്‍ണയത്തിലെ കൃത്യതക്ക് രക്തപരിശോധന പരമാവധി കുറ്റമറ്റതും സൂക്ഷ്മവുമായിരിക്കേണ്ടത് അനിവാര്യമാണ്. ലാബുകള്‍ അംഗീകൃതവും പരിശോധകര്‍ മതിയായ യോഗ്യതയുള്ളവരുമായിരിക്കണം. എന്നാല്‍ മതിയായ സംവിധാനങ്ങളോ യോഗ്യരായ ടെക്‌നീഷ്യനുകളോ ഇല്ലാത്തതാണ് രാജ്യത്തെമ്പാടും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ഏറെയും. കേരളത്തില്‍ ആയിരക്കണക്കിന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പ് 4278 മെഡിക്കല്‍ ലബോറട്ടറികളില്‍ ആരോഗ്യ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പകുതിയോളം എണ്ണത്തിനും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. അടിസ്ഥാന യോഗ്യതകളില്ലാത്തവരാണ് ലാബുകളില്‍ പരിശോധന നടത്തുന്നവരില്‍ നല്ലൊരു പങ്കുമെന്നും പരിശോധനയില്‍ വ്യക്തമായി. ഇത്തരം ലാബുകളിലെ പരിശോധന അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.

ഒരു സാമ്പിള്‍ തന്നെ പല ലാബുകളില്‍ പരിശോധിച്ചാല്‍ വ്യത്യസ്ത റിസള്‍ട്ടാണ് ലഭിക്കുകയെന്നത് നമ്മുടെ മെഡിക്കല്‍ ലബോറട്ടറി പരിശോധനകളുടെ വിശ്വാസ്യതക്ക് നേരെ വിരല്‍ ചൂണ്ടുന്നതാണ്. പാലക്കാട് വടക്കഞ്ചേരിയിലെ മൂന്ന് സ്വകാര്യലാബുകളില്‍ ഒരു രോഗി ഇതിനിടെ നടത്തിയ കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍ പരിശോധനാ ഫലങ്ങളെല്ലാം വ്യത്യസ്തങ്ങളായിരുന്നു. കൊളസ്‌ട്രോള്‍ 164, ഹീമോഗ്ലോബിന്‍ 12.2 എന്നായിരുന്നു ആദ്യം സമീപിച്ച ലബോറട്ടറിയിലെ പരിശോധനാഫലം. സംശയത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു മെഡിക്കല്‍ ലാബിലെത്തി പരിശോധന നടത്തിയപ്പോള്‍ കൊളസ്‌ട്രോള്‍ 260, ഹീമോഗ്ലോബിന്‍ 13.4 എന്ന റിസല്‍ട്ടാണ് ലഭിച്ചത്. രണ്ടും തമ്മില്‍ വലിയ വ്യത്യാസം കണ്ടപ്പോല്‍ മൂന്നാമതൊരു ലാബില്‍ പരിശോധ നടത്തി. കൊളസ്‌ട്രോള്‍ 230, ഹീമോഗ്ലോബിന്‍ 14 എന്നായിരുന്നു റിസള്‍ട്ട്. ഒരു മണിക്കൂറിനിടയിലായിരുന്നു ഈ പരിശോധനകളെല്ലാം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ പരാതികള്‍ മറ്റു പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ ചികിത്സയിലേക്കും വന്‍ അപകടങ്ങളിലേക്കുമാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്

ഈ സാഹചര്യത്തില്‍ തികച്ചും പ്രസക്തമാണ് ലബോറട്ടറി പരിശോധന സംബന്ധിച്ച കഴിഞ്ഞ ബുധനാഴ്ചത്തെ സുപ്രീംകോടതി വിധി പ്രസ്താവം. പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുകള്‍ മാത്രമേ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടില്‍ മേലൊപ്പ് വെക്കാവൂ എന്നാണ് കോടതി ഉത്തരവ്. ഇതുസംബന്ധിച്ചു 2010 സെപ്തംബറില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെതിരെ നല്‍കിയ പ്രത്യേക വിടുതല്‍ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് യോഗ്യരല്ലാത്തവര്‍ ലാബ് റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെക്കരുതെന്ന് നിര്‍ദേശിച്ചത്. ഏതു വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും പത്തോളജി ലബോറട്ടറികള്‍ ആരംഭിക്കാമെങ്കിലും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത പത്തോളജിസ്റ്റിന്റെ ഒപ്പോ മേലൊപ്പോ വെക്കാതെ റിപ്പോര്‍ട്ട് നല്‍കരുതെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി ബഞ്ചിന്റെ ഉത്തരവും.

മെഡിക്കല്‍ ലബോറട്ടറികളിലെ എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്ത എം ബി ബി എസ് ഡോക്ടര്‍മാര്‍ ഒപ്പുവെച്ചിരിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ എം സി ഐ (മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) നിര്‍ദേശം നല്‍കിയതാണ്. രോഗനിര്‍ണയത്തിന്റെ ഗുണനിലവാരവും കൃത്യതയും ഉറപ്പ് വരുത്തുന്നതിനാണിത്. ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളിലെ തെറ്റായ പരിശോധനാ ഫലങ്ങള്‍ ചികിത്സയുടെ രീതി തന്നെ മാറ്റുകയും അത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും മെഡിക്കല്‍ കൗണ്‍സില്‍ വക്താവ് ഡോക്ടര്‍ രാജേഷ് മാനെ പറയുന്നു. എം സി ഐയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ പുതിയ വിധി പ്രസ്താവം.

മെഡിക്കല്‍ ലബോറട്ടറികള്‍ തുടങ്ങണമെങ്കില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതിയോ, രജിസ്‌ട്രേഷനോ വേണമെന്നാണ് ചട്ടം. ലാബില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി യോഗ്യതയുള്ള ജീവനക്കാരോ, സൗകര്യങ്ങളോ ഉണ്ടെന്ന് വിലയിരുത്തുകയും വേണം. എന്നാല്‍ ഇതൊന്നുമില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ലാബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുകയാണ്. അത്തരം അനധികൃത ലാബുകളില്‍ ടെസ്റ്റ് നടത്തി ഒപ്പിടുന്നവര്‍ സാങ്കേതിക,ശാസ്ത്രീയ പരിജ്ഞാനമില്ലാത്ത ടെക്‌നീഷ്യന്മാരുമാണ്. ഡോക്ടര്‍മാരും മെഡിക്കല്‍ അധികൃതരും ലാബുകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് അനധികൃത മെഡിക്കല്‍ ലാബുകള്‍ പെരുകുന്നതിന് കാരണം. ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളെ ഒഴിവാക്കി പുറത്തെ സ്വകാര്യ ലാബുകളിലേക്ക് രോഗികളെ പറഞ്ഞുവിട്ട് കമ്മീഷന്‍ പറ്റുന്നവരാണ് പല ഡോക്ടര്‍മാരും. ചിലയിടങ്ങളില്‍ ബിനാമി പേരില്‍ ഡോക്ടര്‍മാര്‍ തന്നെ ലാബുകള്‍ നടത്തുന്നുമുണ്ട്. തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടുകള്‍ നല്‍കി ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുക മാത്രമല്ല; ആരോഗ്യമേഖലയില്‍ ആശങ്ക പരത്തുകയുമാണ് ഇത്തരം സ്ഥാപനങ്ങള്‍. സ്വകാര്യ മെഡിക്കല്‍ ലാബുകളുടെ പിടിച്ചുപറിക്കും കൊള്ളക്കുമെതിരെ ജനരോഷമുയരണം. ലാബുകളുടെയും പരിശോധകരുടെയും ഗുണനിലവാരവും യോഗ്യതയും ഉറപ്പ് വരുത്താന്‍ ശക്തമായ നിയമ നിര്‍മാണവും വേണം.