ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ഇന്ത്യയിലേക്ക് നിക്ഷേപമൊഴുകും

Posted on: December 16, 2017 7:57 pm | Last updated: December 16, 2017 at 7:57 pm

ദുബൈ: ഇലക്ട്രോണിക്‌സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായി ഐ ബി എം സി സി മാനേജിംഗ് ഡയറക്ടര്‍ പി കെ സജിത്കുമാര്‍ അറിയിച്ചു. മൊത്തം പ്രതീക്ഷിക്കുന്ന 1000 കോടി ഡോളറിന്റെ ആദ്യഘട്ടമാണിത്.

അബുദാബി ഗ്ലോബല്‍ മാര്‍കറ്റ്‌സ് (എ ഡി ജി എം) വഴിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ എത്തുക. ഇടപാടുകള്‍ കൃത്യവും സുതാര്യവുമാക്കാന്‍ സഹായിക്കുന്നതാണു പുതിയ എ ഡി ജി എം-ഇന്ത്യ നിക്ഷേപ ഇടനാഴി. എ ഡി ജി എമ്മിനു കീഴിലുള്ള നെക്സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്‌സ് ഇ എസ് ഡി എം വഴിയാണ് ഇടപാടുകള്‍. ഇന്ത്യയില്‍ സെമി കണ്ടക്ടറുകളും മറ്റ് ഇലക്ട്രോണിക് ഉല്‍പന്നങ്ങളും നിര്‍മിക്കാനുള്ള ബൃഹദ് സംരംഭങ്ങള്‍ക്കാണു തുടക്കമാകുന്നത്.

ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇലക്ട്രോണിക് രംഗത്ത് കുതിച്ചുചാട്ടം നടത്താനൊരുങ്ങുന്ന ഇന്ത്യക്കു ചെറു യന്ത്ര ഘടകങ്ങളുടെ ഉല്‍പാദനത്തിലും മറ്റും സ്വയംപര്യാപ്തത കൈവരിക്കാന്‍ പദ്ധതികള്‍ സഹായകമാകും. കഴിഞ്ഞവര്‍ഷം 4500 കോടിയോളം ഡോളറിന്റെ ഇലക്ട്രോണിക് സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായാണു റിപ്പോര്‍ട്ടെന്നും സജിത് കുമാര്‍ ചൂണ്ടിക്കാട്ടി.