രാഹുല്‍ നേരിട്ട വ്യക്തിഹത്യകള്‍ അദ്ദേഹത്തെ കരുത്തനാക്കി മാറ്റും: സോണിയഗാന്ധി

Posted on: December 16, 2017 11:58 am | Last updated: December 16, 2017 at 2:35 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി പുതിയ കാലത്തിന്റെ തുടക്കമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.

രാഹുല്‍ ആത്മസമര്‍പ്പണത്തോടെ ചുമതല നിര്‍വഹിക്കും. ചെറുപ്പം മുതലുള്ള അനുഭവങ്ങളും ആക്രമണങ്ങളും രാഹുലിനെ ശക്തനാക്കും. പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് തളര്‍ന്നിട്ടില്ല. ഭരണഘടന ഇന്ന് വലിയ വെല്ലുവിളി നേരിടുന്നു. ഭയത്തിന്റെ അന്തരീക്ഷം രാജ്യമെങ്ങും ഉണ്ടെന്നും സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ എനിക്ക് അമ്മ ഇല്ലാത്തതുപോലെ അനുഭവപ്പെട്ടു. എന്റെ ജീവിതം അതോടെ പൂര്‍ണമായി മാറി. ഇന്ദിരക്കു പിന്നാലെ രാജീവും പോയതോടെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നും സോണിയ പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തകരില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ എന്റെ മകനാണ്. അതുകൊണ്ടുതന്നെ രാഹുലിനെ പുകഴ്ത്തുന്നത് ശരിയല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ എത്തിയ ശേഷം രാഹുല്‍ നേരിട്ട വ്യക്തിഹത്യകള്‍ അദ്ദേഹത്തെ കരുത്തനാക്കി മാറ്റിയെന്നും സോണിയ പറഞ്ഞു.

എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ രാഹുലിന് അധ്യക്ഷപദവി കൈമാറിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധനംചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

കോണ്‍ഗ്രസിന്റെ 17ാംമത് അധ്യക്ഷ സ്ഥാന ഏറ്റെടുക്കുന്നതിന് മുന്നോടിയായി എഐസിസി ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതറിയും ആഘോഷിച്ചു. 1998 മുതല്‍ സോണിയഗാന്ധിയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത്.