Connect with us

Articles

ബിറ്റ്‌കോയിനെ അവഗണിക്കാനാകുമോ?

Published

|

Last Updated

സാമ്പത്തിക വിദഗ്ധര്‍ തെല്ലൊരു അമ്പരപ്പോടെയും അത്ഭുതത്തോടെയും കൂടിയാണ് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യമുയരുന്നതിനെ നോക്കിക്കാണുന്നത്. 2017 തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ രണ്ടായിരത്തിലധികം മടങ്ങ് ഉയര്‍ന്നിരിക്കുകയാണ് ബിറ്റ്‌കോയിന്റെ മാര്‍ക്കറ്റ് വില. ഇത് ഏതാണ്ട് 11.5 ലക്ഷം ഇന്ത്യന്‍ രൂപക്ക് സമമാണ്. ഇതെവിടെ ചെന്നെത്തും എന്നാണ് സാമ്പത്തികലോകം വീക്ഷിക്കുന്നത്. 2013ല്‍ 1200 ഡോളറായിരുന്നു വിലയെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ആയിരത്തിന് താഴേക്കിറങ്ങിയ ബിറ്റ്‌കോയിന്‍ 2017ല്‍ കുതിച്ചുയരുന്നതാണ് കാണുന്നത്. 2014-15ല്‍ വെറും 700-800 ഡോളര്‍ കൊടുത്ത് ബിറ്റ്‌കോയിന്‍ വാങ്ങിയയാള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില ഏതാണ്ട് 16,600 ഡോളറാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു നിക്ഷേപ മാര്‍ഗമായി സ്വീകരിച്ചതാണ് ഇങ്ങനെ വില കുതിച്ചുയരാനിടയാക്കിയതെന്നാണ് അനുമാനം. ലോകരാജ്യങ്ങളിലെ കേന്ദ്ര ബേങ്കുകളെല്ലാം തന്നെ ഇത്തരം നിക്ഷേപങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും ഈ പ്രവണത ഏറിവരുന്നതായാണ് ബിറ്റ്‌കോയിന്റെ വളര്‍ച്ച കാണിക്കുന്നത്. ബിറ്റ്‌കോയിന്‍ മാത്രമല്ല നിലവിലുള്ള മറ്റ് ക്രിപ്‌റ്റോ കറന്‍സികളുടെയും വില ഉയരുകയാണ്. മറ്റൊരു ക്രിപ്‌റ്റോ കറന്‍സിയായ ലിറ്റ്‌കോയിനും ഏതാണ്ട് 1700 മടങ്ങ് വളര്‍ച്ചയാണ് ഈ കാലയളവില്‍ നേടിയിട്ടുള്ളത്.

യഥാര്‍ഥത്തില്‍ ഒരു ഉത്പന്നത്തിന്റെ പേരിനേക്കാള്‍ അതിന്റെ ഒരു ബ്രാന്‍ഡ് പ്രസിദ്ധമാകുകയെന്ന സര്‍വസാധാരണമായ ഒരു പ്രക്രിയ ഇവിടെയും കാണാം. കമ്പ്യൂട്ടര്‍ എന്‍ക്രിപ്ഷന്‍ കോഡ് ഉപയോഗിച്ച് നിര്‍മിക്കപ്പെട്ടതാണ് ബിറ്റ്‌കോയിന്‍. ഇത്തരത്തിലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ക്രിപ്‌റ്റോ കറന്‍സിയെന്നത്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയെന്നാല്‍ ബിറ്റ്‌കോയിന്‍ മാത്രമാണെന്ന നിലയിലേക്കാണ് അതിന്റെ വളര്‍ച്ച. അത്രമാത്രമാണ് ഈയിടെയായി അതിന് വാര്‍ത്താ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കറന്‍സികള്‍ ലോകത്ത് നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രചാരം നേടിയത് ബിറ്റ്‌കോയിനാണെന്ന് മാത്രം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളെയും നമുക്ക് ഇങ്ങനെ കാണാന്‍ കഴിയും. ഏതെങ്കിലും തരത്തിലുള്ള ഒരു പ്രൊഡക്ടിനെ അതിന്റെ ബ്രാന്‍ഡ് നെയിം കൊണ്ട് അറിയപ്പെടുന്ന അവസ്ഥ.

ഇന്ത്യയിലും ഇതിന്റെ പ്രചാരം ഏറിവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. രാഷ്ട്രം ഇതുവരെ ഇത്തരം ഇടപാടുകള്‍ അംഗീകരിച്ചിട്ടില്ല. നികുതി വെട്ടിപ്പ് നടത്താന്‍ വ്യാപകമായി ബിറ്റ്‌കോയിനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം കൊച്ചിയില്‍ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പുകള്‍ കണ്ടെത്താന്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. താമസിയാതെ തന്നെ ഡിജിറ്റല്‍ ഇടപാടുകളെ സംബന്ധിച്ച് ഒരു നയരൂപവത്കരണം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോകം മുഴുവന്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രങ്ങള്‍ക്ക് ഇതിലൊരു തീരുമാനവും നയവും സ്വീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. വന്‍തോതില്‍ നിക്ഷേപം ക്രിപ്‌റ്റോ കറന്‍സികളിലേക്ക് ഒഴുകിയപ്പോള്‍ രാജ്യത്തിന്റെ കറന്‍സിയുടെ വിലയിലുണ്ടായ തകര്‍ച്ചയെ നേരിടാന്‍ ഡിജിറ്റല്‍ കറന്‍സികള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ചൈനയെ പോലുള്ള രാജ്യങ്ങളും ആലോചനയിലാണ്.

പിന്നെ ഇതിനൊക്കെ ബദലായി സര്‍ക്കാര്‍ തലത്തില്‍ തന്നെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് രൂപം നല്‍കാന്‍ കഴിയുമോ എന്ന ചോദ്യമാണ് പ്രസക്തമായിട്ടുള്ളത്. പേപ്പര്‍ കറന്‍സികളുടെ മൂല്യം നിശ്ചയിക്കാന്‍ കേന്ദ്ര ബേങ്കുകള്‍ക്ക് സാധിക്കുമ്പോള്‍ ഡിജിറ്റല്‍ കറന്‍സികളുടെ മൂല്യം നിശ്ചയിക്കാന്‍ കേന്ദ്ര ബേങ്കുകള്‍ക്കോ സര്‍ക്കാറുകള്‍ക്കോ കഴിയില്ലെന്നതാണ് ബദലിന്റെ പ്രായോഗികവിഷമം. മൂല്യം നിയന്ത്രിക്കുക മാത്രമല്ല പേപ്പര്‍ കറന്‍സിയാകുമ്പോള്‍ ഏത് നിമിഷവും “എട്ടിന്റെ പണി” തന്ന് അസാധുവാക്കാനും കഴിയും. ഡിജിറ്റലാകുമ്പോള്‍ അതൊന്നും നടക്കില്ലെന്ന് മാത്രമല്ല, ഒരു തരത്തിലുള്ള നിയന്ത്രണത്തിനും സാധിക്കുകയുമില്ല. പിന്നെ രാജ്യത്തിന് ചെയ്യാന്‍ കഴിയുക ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നിരോധിക്കുകയെന്നത് മാത്രമാണ്. രഹസ്യസ്വഭാവം മുതലെടുത്ത് പല കള്ളപ്പണക്കാരും തങ്ങളുടെ സമ്പാദ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുണ്ടോ എന്നതും കണ്ടെത്തേണ്ടതായിട്ടുണ്ട്. റോക്കറ്റ് പോലെ ഉയരുന്ന ഡിജിറ്റല്‍ കറന്‍സികളുടെ വില ഇത്തരത്തിലുള്ള ചിന്തകള്‍ക്കും പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നു.

വര്‍ധിച്ചുവരുന്ന ബേങ്കിംഗ് തട്ടിപ്പുകളും തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കണമെന്ന ജനങ്ങളുടെ ബോധവുമൊക്കെയായിരിക്കാം ഡിജിറ്റല്‍ കറന്‍സികളിലേക്ക് പണമൊഴുക്കുന്നത്. ആരുടെയും നിയന്ത്രണമില്ലാതെ ആര്‍ക്കും തട്ടിപ്പ് നടത്താന്‍ കഴിയാത്ത സംവിധാനമെന്നാണ് ഡിജിറ്റല്‍ കറന്‍സികള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഓസ്ട്രിയയിലെ ഇന്‍സ്ബ്രുക് നഗരത്തിലെ ഹോട്ടലില്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ തന്റെ ബിറ്റ്‌കോയിന്‍ സമ്പാദ്യം പരിശോധിച്ചയാളാണ് തട്ടിപ്പിനിരയായത്. 1.2 ലക്ഷം ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിനുകള്‍ നഷ്ടപ്പെട്ടതായാണ് വാര്‍ത്ത. മറ്റേതൊരു ഓണ്‍ലൈന്‍ തട്ടിപ്പ് പോലെയും തട്ടിപ്പിനിരയാകുന്നവരുടെ ഏതെങ്കിലും തരത്തിലുള്ള അജ്ഞതയോ, ശ്രദ്ധക്കുറവോ ഇല്ലാതെ ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ കഴിയില്ല.

തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന് പറയുമ്പോള്‍ തന്നെ ബിറ്റ്‌കോയിന്‍ ഇടപാട് നടത്താനാവശ്യമായ മൂന്ന് ഭാഗങ്ങളിലൊന്നായ പ്രൈവറ്റ് കീ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാനിടയാക്കും. പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നര്‍ഥം. മറ്റേതൊരു ഡിജിറ്റല്‍ ഇടപാടു പോലെ തന്നെ പണം നഷ്ടപ്പെടാനുള്ള അവസരമുണ്ടെങ്കിലും ഇത്തരത്തിലുള്ള കറന്‍സികള്‍ക്ക് വ്യാജനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബിറ്റ്‌കോയിന്‍ പ്രോഗ്രാമര്‍ക്കുപോലും അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ കഴിയില്ല.
ഒരു ബിറ്റ്‌കോയിന്‍ ഇതുവരെ എത്ര ഇടപാടുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അതിന്റെ യഥാര്‍ഥ വില എത്രയാണെന്നുമൊക്കെ സൈറ്റുകള്‍ വഴി മനസ്സിലാക്കാന്‍ കഴിയും. പേപ്പര്‍ കറന്‍സി ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ലഭിക്കുന്നത് കേന്ദ്ര ബേങ്കിന്റെ അംഗീകാരത്തോട് കൂടി പ്രിന്റ് ചെയ്ത നോട്ടുകളാണ്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇതിന് പകരം നമുക്ക് ലഭിക്കുന്നത് പ്രൈവറ്റ് കീ ആയാണ്. ഇതുപയോഗിച്ചാണ് മറിച്ച് വില്‍ക്കുന്നതും ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതും. ഇത്തരം പ്രൈവറ്റ് കീ എന്‍ക്രിപ്റ്റ് ചെയ്തും അല്ലാതെയും സൂക്ഷിക്കാന്‍ കഴിയും. എന്‍ക്രിപ്റ്റ് ചെയ്യാതെ സൂക്ഷിക്കുന്നത് അപകടകരമാണ്. ഡിജിറ്റല്‍ സമ്പാദ്യത്തിന്റെ താക്കോലാണിത്. നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു.

ബിറ്റ്‌കോയിന്‍ ഘടകങ്ങള്‍

എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച ഇത്തരം കറന്‍സികളെ ക്രിപ്‌റ്റോ കറന്‍സി എന്നാണ് വിളിക്കുന്നത്. ഇതില്‍ കൂടുതല്‍ പ്രചാരം നേടിയതാണ് ബിറ്റ്‌കോ യിന്‍. ഇതിന് മൂന്ന് ഘടകങ്ങളാണുള്ളത്. ബിറ്റ്‌കോയിന്‍, ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രൈവറ്റ് കീ, കോയിനുകളുടെ മൂല്യവും ഇടപാടുകളും രേഖപ്പെടുത്തുന്ന കണക്കുപുസ്തകമായ ബ്ലോക്ക് ചെയിന്‍ എന്നിവയാണവ. ഇതിന് പുറമേ ഇടപാട് നടത്താനായി ഡിജിറ്റല്‍ വാലറ്റ്, ബ്ലോക്ക് ചെ യിനുകളില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്ന മൈനേസ് എന്നിവയും ഇടപാട് നടത്താന്‍ ആവശ്യമായിട്ടുണ്ട്. ബേങ്ക് അക്കൗണ്ടുകളില്‍നിന്ന് വാലറ്റിലേക്ക് മാറ്റപ്പെടുന്ന പണം ഉപയോഗിച്ചാണ് ബിറ്റ്‌കോയിനുകള്‍ പോ ലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങുന്നത്.

എവിടെനിന്ന് കിട്ടും

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍, ബിറ്റ്‌കോയിന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സൈറ്റുകള്‍, ബിറ്റ്‌കോയിന്‍ ബ്രോക്കര്‍മാര്‍ ഇവിടെ നിന്നെല്ലാം കരസ്ഥമാക്കാം.

നിക്ഷേപ സാധ്യത

പെട്ടെന്ന് കൂടുതല്‍ ലാഭം ലഭിക്കുന്ന മേഖലകള്‍ തേടിയിറങ്ങുന്നവരാണ് ബിറ്റ്‌കോയിന്‍ ഒരു നിക്ഷേപസാധ്യതയായി കാണുന്നത്. പക്ഷേ ഒരു കേന്ദ്ര ബേങ്കിന്റെയും പിന്തുണയില്ലാത്തതാണ് ഇത്തരം കറന്‍സികളെന്നതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം റിസ്‌കില്‍ തന്നെ നടത്തേണ്ടതുണ്ട്. ഒരു സര്‍ക്കാറും ഇത്തരത്തിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നില്ലെന്നതാണ് വാസ്തവം. സ്വര്‍ണം പോലെയുള്ളവയില്‍ നിക്ഷേപം നടത്തി ആവശ്യത്തിന് വിറ്റഴിക്കുന്നതുപോലെ ബിറ്റ്‌കോയിനിലും നിക്ഷേപമാവാം.

---- facebook comment plugin here -----

Latest