‘അമിത വാണിജ്യവത്കരണം മാധ്യമങ്ങളെ വഴിതെറ്റിക്കുന്നു’

Posted on: December 15, 2017 7:52 pm | Last updated: December 15, 2017 at 7:52 pm
SHARE

ദുബൈ: കുത്തക നിക്ഷേപങ്ങളുടെയും വാണിജ്യ താത്പര്യങ്ങളുടെയും അതിപ്രസരം മുഖ്യധാരാ മാധ്യമങ്ങളെ ദുസ്വാധീനിക്കുന്നുണ്ടെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ചിരന്തന പി വി വിവേകാനന്ദ് അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വേണ്ടത് കൊടുക്കലല്ല ശരിയായ മാധ്യമധര്‍മം. സമൂഹത്തിലും സംവിധാനങ്ങളിലും ജനപക്ഷ തിരുത്തലുകള്‍ വരുത്താനുള്ള ആക്കം കൂട്ടുകയാണ് വേണ്ടത്. ഓരോ മനുഷ്യനും ഒരു മാധ്യമ പ്രവര്‍ത്തകനായി മാറാന്‍ കഴിയുന്ന സാമൂഹ്യമാധ്യമങ്ങളുടെ ഈ പ്രളയകാലത്ത് വഴിതെറ്റുന്ന ഭരണകൂടങ്ങളെ പോലും നിലക്കുനിര്‍ത്തുവാന്‍ ജനം സ്വയം പ്രചോദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്‍ എം സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് മങ്ങാട്ട് അവാര്‍ഡും യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി പ്രശസ്തിപത്രവും ശശികുമാറിന് സമ്മാനിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ പ്രതിനിധി മുഹമ്മദ് ഹുസൈന്‍ മുറാദ് പൊന്നാട അണിയിച്ചു. ഒരു ലക്ഷം രൂപയുടെ യു എ ഇ എക്‌സ്‌ചേഞ്ച് ക്യാഷ് അവാര്‍ഡ് ഐ ടി എല്‍ ഡയറക്ടര്‍ രാജേന്ദ്രന്‍ കൈമാറി.
യു എ ഇയിലെ മാധ്യമരംഗത്തെ മികവിനുള്ള യു എ ഇ എക്‌സ്‌ചേഞ്ച് ചിരന്തന പതിനാറാമത് മാധ്യമ പുരസ്‌കാരങ്ങള്‍ മലയാള മനോരമ യു എ ഇ ബ്യൂറോ ചീഫ് ജെയ്‌മോന്‍ ജോര്‍ജ്, ഗള്‍ഫ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സജിലാ ശശീന്ദ്രന്‍ (പത്രം), മാതൃഭൂമി ന്യൂസ് ബ്യൂറോ ചീഫ് ഐപ്പ് വള്ളിക്കാടന്‍, ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് കെ ആര്‍ അരുണ്‍കുമാര്‍ (ടെലിവിഷന്‍), ഗോള്‍ഡ് എഫ് എം ന്യൂസ് പ്രെസെന്റര്‍ തന്‍സി ഹാഷിര്‍, പ്രവാസി ഭാരതി റേഡിയോ ന്യൂസ് ചീഫ് മിനീഷ് കുമാര്‍ (റേഡിയോ) എന്നിവര്‍ ഏറ്റുവാങ്ങി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു.

യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയറക്ടര്‍ കെ കെ മൊയ്തീന്‍കോയ ആമുഖ പ്രസംഗം നടത്തി. സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനും വാണിജ്യപ്രമുഖനുമായ സി കെ മജീദ്, യു എ ഇ എക്‌സ്‌ചേഞ്ച് ഇവന്റ് ഗ്രൂപ്പ് ഡയറക്ടര്‍ വിനോദ് നമ്പ്യാര്‍, പി കെ മോഹന്‍ദാസ്, അനുപ് വിവേകാനന്ദ്, സി പി ജലീല്‍, പുന്നക്കന്‍ ബീരാന്‍, സി പി മുസ്തഫ, ജിജോ ജേക്കബ്, ടി പി അബ്ബാസ് ഹാജി, കെ ടി പി ഇബ്‌റാഹീം സംസാരിച്ചു.
കലാകാരി സജിനിയെ ചടങ്ങില്‍ ശശികുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. ശ്രുതി, സാനിപ്രദീപ് എന്നിവര്‍ യു എ ഇ ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഗാനങ്ങള്‍ ആലപിച്ചു.
ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറര്‍ ടി പി ശ്‌റഫ് നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here