ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ഫീസ് അടക്കാനുള്ള തീയതി നീട്ടി

Posted on: December 15, 2017 9:25 am | Last updated: December 15, 2017 at 9:25 am

തിരുവനന്തപുരം: 2018 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. രണ്ടാം വര്‍ഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസടക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 21 ഉം ഒന്നാം വര്‍ഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസടക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 28 വരെയുമാണ്.

രണ്ടാം വര്‍ഷ പരീക്ഷക്ക് 20 രൂപ പിഴയോടുകൂടി ഫീസടക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 28 വരെയും ഒന്നാം വര്‍ഷ പരീക്ഷക്ക് 20 രൂപ പിഴയോടുകൂടി ഫീസടക്കുന്നതിനുള്ള അവസാന തീയതി ജനുവരി നാല് വരെയുമായിരിക്കും.

കമ്പാര്‍ട്ടുമെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം 2017 മുതല്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആണ് നല്‍കിയത്. ഇത്തരത്തില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍, അവര്‍ ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് എഴുതിയ വിഷയത്തിന് മാര്‍ച്ച് 2018 ലെ രണ്ടാം വര്‍ഷ പരീക്ഷക്കും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍, 2017 ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ 2018 മാര്‍ച്ചിലെ പരീക്ഷക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നല്‍കേണ്ടതില്ല.
2017ലെ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ എഴുതാത്ത കമ്പാര്‍ട്ടുമെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 2018 ലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യതയില്ല. അതേസമയം കമ്പാര്‍ട്ടുമെന്റലില്ലാത്ത (ഒറ്റത്തവണ രജിസ്‌ട്രേഷന്റെ പരിധിയില്‍പ്പെടാത്ത) രണ്ടാംവര്‍ഷ പരീക്ഷ എഴുതേണ്ട എല്ലാ വിദ്യാര്‍ഥികളും നിശ്ചിത തീയതിക്കുള്ളില്‍ രണ്ടാം വര്‍ഷ പരീക്ഷക്കുള്ള മതിയായ ഫീസ് ഒടുക്കി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ യാതൊരു കാരണവശാലും ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ലെന്ന് പരീക്ഷ വിഭാഗം ജോയിന്റ്ഡയറക്ടര്‍ അറിയിച്ചു.