Connect with us

National

മോദി വോട്ട് ചെയ്തത് ക്യൂ നിന്ന്; പിന്നാലെ 'റോഡ് ഷോ'; വിവാദം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. ഉച്ചക്ക് ഒരു ഒന്നരവരെ 44 ശതമാനം വോട്ട് രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തശേഷം മഷി പുരണ്ട വിരല്‍ ഉയര്‍ത്തി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നത് രാഷ്ട്രീയ വിവാദമായി. പ്രധാനമന്ത്രി റോഡ് ഷോ നടത്തിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി അഹമ്മദാബാദ് ജില്ലയിലെ ജമാല്‍പൂരിലും ബിജെപി അധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദിലെ നാരാണ്‍പുരയിലും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വെജല്‍പുരിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ആനന്ദിലും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ വീരംഗത്തും വോട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലാണ് വോട്ട് ചെയ്തത്.

പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 851 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം വോട്ടെടുപ്പ് നടക്കാതിരുന്ന 6 പോളിംഗ് ബൂത്തുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പോളിംഗ് പൂര്‍ത്തിയായ ശേഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

Latest