Connect with us

National

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രംഗത്തെത്തി.

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വിജയമാണ്. ഗുജറാത്തിനെ കുറിച്ച് മാത്രമാണ് താന്‍ കഴിഞ്ഞ മൂന്ന് മാസമായി സംസാരിച്ചത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയുമായും നരേന്ദ്ര മോദിയുമായും ബന്ധപ്പെട്ടതല്ലെന്നും ജനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബി ജെ പിക്ക് ഗുജറാത്തിനെക്കുറിച്ച് വലിയ കാഴ്ചപ്പാടില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ അമ്പത് ശതമാനം കോണ്‍ഗ്രസ്സിനെക്കുറിച്ചും അമ്പത് ശതമാനം തന്നെക്കുറിച്ച് തന്നെയുമാണ് പരാമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മതങ്ങളുടെയും രാഷ്ട്രത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ വെറുപ്പിന് മറുപടി സ്‌നേഹമാണെന്ന് മനസ്സിലാകും. ദേഷ്യവും വെറുപ്പുമില്ലാത്തതാണ് തന്റെ പാരമ്പര്യം. ഗുജറാത്തില്‍ നിന്നുള്ള രാഷ്ട്രപിതാവാണ് തന്റെ കുടുംബത്തെ ഇക്കാര്യം പഠിപ്പിച്ചത്. നല്ല രാഷ്ട്രീയം കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ അഭിമുഖത്തിനെതിരെ ബി ജെ പി രംഗത്തെത്തി. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്നും പരാജയ ഭീതിയിലാണ് ബി ജെ പിയെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

കോണ്‍ഗ്രസ് നേതാക്കളെ പാകിസ്താനുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രംഗത്തെത്തി. ജനങ്ങളെ മോദി തെറ്റിദ്ധരിപ്പിക്കുകയാണ്.
തന്റെ രാഷ്ട്രീയ ജീവിതം സംശുദ്ധമാണ്. പരാജയ ഭീതിയില്‍ നിന്നാണ് മോദി ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നതെന്നും മോദി മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

 

Latest