പടയൊരുക്കം സമാപനം നാളെ; രാഹുല്‍ ഗാന്ധി പങ്കെടുക്കും

Posted on: December 13, 2017 10:35 am | Last updated: December 13, 2017 at 10:35 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയുടെ സമാപന സമ്മേളനം നാളെ നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാളെ രാവിലെ 11 മണിയോടെയാണ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തുക. അവിടെ നിന്ന് ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 11.30ന് പൂന്തറയിലും 12ന് വിഴിഞ്ഞത്തുമാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിന് തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ മുന്‍ മന്ത്രി ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. അഞ്ചിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പടയൊരുക്കം സമാപനത്തിലും പങ്കെടുക്കും. രാത്രി 7.30 ന് തന്നെ മടങ്ങും.
സമാപന സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷത വഹിക്കും. ജാഥാ നായകനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം പിമാരായ എം പി വീരേന്ദ്രകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, കക്ഷിനേതാക്കളായ ജോണി നെല്ലൂര്‍, സി പി ജോണ്‍, ജി ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവര്‍ത്തകര്‍ നാല് മണിക്ക് മുമ്പായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കണമെന്ന് എം എം ഹസന്‍ ആവശ്യപ്പെട്ടു.