ജിഷ വധം: അമീറുള്‍ ഇസ്‌ലാമിന്റെ ശിക്ഷാ വിധി നാളെ

Posted on: December 13, 2017 8:54 am | Last updated: December 13, 2017 at 7:06 pm


കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കോടതി കേട്ടു.

അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, നിര്‍ഭയ കേസിന് സമാനമല്ല ജിഷ കേസെന്നും കേസില്‍ ദൃക്‌സാക്ഷിയില്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷ വിധിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ആളൂര്‍ വാദിച്ചു.

കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അമീറിന്റെ ഡി എന്‍ എ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നിര്‍ണായക തെളിവായി സ്വീകരിച്ചാണ് കോടതി വിധി. ഐ പി സി 449, 342, 376 എ, 302 എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും ശിക്ഷ വിധിക്കുക. വിചാരണ തുടങ്ങി ഇന്നത്തേക്ക് ഒമ്പത് മാസം പൂര്‍ത്തിയാകാനിരിക്കെയാണ് കേസില്‍ ശിക്ഷ പറയാനൊരുങ്ങുന്നത്.