ട്രംപിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി സ്ത്രീകള്‍ രംഗത്ത്

Posted on: December 13, 2017 12:29 am | Last updated: December 12, 2017 at 11:30 pm

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം. ട്രംപില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള ലൈംഗിക ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്ന ആരോപണവുമായി ഒരു കൂട്ടം സ്ത്രീകള്‍ പരസ്യമായി രംഗത്തെത്തി. ട്രംപ് തങ്ങളെ നിര്‍ബന്ധിച്ച് ചുംബിച്ചെന്നും ലൈംഗീക അതിക്രമം ചെയ്‌തെന്നുമുള്ള വെളിപ്പെടുത്തലുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് അമേരക്കയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്.

മുന്‍ മിസ് നോര്‍ത്ത് കാലിഫോര്‍ണിയ സമാന്ത ഹൊല്‍വെയ്, ബായ്‌റോക് കമ്പനിയിലെ റിസപ്ഷനിസ്റ്റ് തുടങ്ങി 15 സ്ത്രീകള്‍ ട്രംപിനെതിരായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ ട്രംപിന്റെ സ്ഥിരം ചെയ്തിയാണെന്നും തന്നെ സമ്മതമില്ലാതെ അയാള്‍ ചുംബിച്ചെന്നും മുന്‍ ബേയ്‌റോക്ക് ഗ്രൂപ്പ് റിസപ്ഷനിസ്റ്റ് റേച്ചല്‍ ക്രൂക്ക്‌സ് ആരോപിച്ചു. 2005ലുണ്ടായ സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 2006 ല്‍ സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ഥികളെ പരിശോധിക്കാനെത്തിയ ട്രംപ് തന്നെ കയറിപ്പിടക്കാന്‍ ശ്രമിച്ചെന്ന് മുന്‍ മിസ് കാലിഫോര്‍ണിയ ജെസീക്ക ലീഡ്‌സ് ആരോപിച്ചു.
ആരോപണങ്ങള്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നിഷേധിച്ചു. എന്നാല്‍, ട്രംപിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യു എസ് കോണ്‍ഗ്രസിലെ വനിത അംഗങ്ങള്‍ രംഗത്തെത്തി. 60 ഡെമോക്രാറ്റിക് വനിതാ അംഗങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.