രാഹുലിന്റെ വരവ്

Posted on: December 13, 2017 6:23 am | Last updated: December 12, 2017 at 11:25 pm

മതേതര ജനാധിപത്യ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനേത്തക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ നോക്കിക്കാണുന്നത്. ജനാധിപത്യത്തില്‍ നിന്ന് രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ വര്‍ഗീയതയും കാവിഭീകരതയും മതേതരത്വത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തി ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ബി ജെ പിക്ക് ബദലായി ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് രാജ്യവ്യാപകമായി തകര്‍ന്നു കൊണ്ടിരിക്കുകയുമാണ്. 29 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ളത് ആറിടങ്ങളില്‍ മാത്രം.

അവയില്‍ കര്‍ണാടകവും പഞ്ചാബുമൊഴികെ ബാക്കിയുള്ളത് ചെറുപ്രദേശങ്ങളാണ്. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ആകെ ഏഴ് എം എല്‍ എമാരാണുള്ളത്. പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറി കൊണ്ടിരിക്കയാണ്. കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര വിദേശ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ഇന്ന് ബി ജെ പിയിലാണ്. ഉത്തര്‍പ്രദേശിലെ പിസി സി അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി, ജഗദാംബികാപാല്‍, സത്പാല്‍ മഹാരാജ്, വിജയ് ബഹുഗുണ, ഹരിയാനയിലെ റാവു ഇന്ദ്രജിത് സിംഗ് എന്നിങ്ങനെ വലിയൊരു നേതൃനിരയുണ്ട് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയവരില്‍.

തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഈ മാസം 16ന് സോണിയാ ഗാന്ധി എ ഐ സി സിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ തന്നെ പ്രമേയം പാസാക്കിയതാണ്. സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി അധ്യക്ഷനാകുന്ന 17-ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പദവി ഏറ്റെടുക്കാനായിരുന്നു നേരത്തെ പദ്ധതിയെങ്കിലും തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തോടെ അത് നീട്ടുകയാണുണ്ടായത്. എങ്കിലും അസുഖ ബാധിതയായ സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നതോടെ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളുടെ നിയന്ത്രണം രാഹുലിന്റെ കരങ്ങളിലാണ്.

രാഹുല്‍ ഗാന്ധി നേതൃത്വത്തിന് പോരെന്ന് നേരത്തെ പാര്‍ട്ടിയില്‍ അഭിപ്രായമുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നേതൃസ്ഥാനത്തേക്കുളള രാഹുലിന്റെ വരവിനെക്കുറിച്ച് അഭിപ്രായം ഉയര്‍ന്നപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്, ഇന്ദിരാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന എം എല്‍ ഫൊത്തേദാര്‍ തുടങ്ങിയവര്‍ അതിനെതിരെ രംഗത്ത് വരികയുണ്ടായി. പാര്‍ട്ടിയെ നയിക്കാനുള്ള ശേഷി രാഹുലിനില്ലെന്നും അദ്ദേഹം ദുര്‍ബലനും പിടിവാശിക്കാരനുമാണെന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായം. രാഹുലിനേക്കാള്‍ പ്രിയങ്കാ ഗാന്ധിക്കാണ് നേതൃപദവിയില്‍ തിളങ്ങാനാവുകയെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ജാഫര്‍ ശരീഫ്, വസന്ത് സാഠെ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. രാഹുലിനെക്കുറിച്ചുള്ള ഈ വിരുദ്ധാഭിപ്രായത്തിന് ഇപ്പോള്‍ ഏറെ മാറ്റം വന്നിട്ടുണ്ട്. നേതൃപദവിക്ക് അനുയോജ്യമാം വിധം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം പക്വതയും മികവും പ്രകടമായിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. നേരത്തെ രാഹുലിനെ വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്ത ദേശീയ മാധ്യമങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ പരിപാടികളിലെ വന്‍ജനസാന്നിധ്യം എടുത്തു പറഞ്ഞു. കുട്ടിത്തം വിട്ടുമാറാത്ത നേതാവെന്ന് പരിഹസിച്ചു തള്ളിയ നരേന്ദ്ര മോദിയും ബി ജെ പിയും രാഹുലിനെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ വളര്‍ച്ചയെയാണ് വിളിച്ചോതുന്നത്. രാഹുലിന്റെ ഗുജറാത്ത് പ്രചാരണത്തിനു തടയിടാന്‍ പ്രധാനമന്ത്രി പലവിധ തന്ത്രങ്ങളും പയറ്റിയിരുന്നു.

പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയും അതിവേഗത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതര ജനാധിപത്യത്തിന്റെ വീണ്ടെടുപ്പുമാണ് രാഹുല്‍ ഗാന്ധി അഭിമുഖീകരിക്കുന്ന മുഖ്യഉത്തരവാദിത്തം. രണ്ട് പതിറ്റാണ്ടോളമായി മാതാവ് സോണിയ ശ്രമിച്ചിട്ടും നടക്കാത്ത പാര്‍ട്ടിയുടെ പഴയ പ്രതാപം വീണ്ടെടുപ്പ് ഏറെ ശ്രമകരമാണ്. നയ വൈകല്യവും തെറ്റായ രാഷ്ട്രീയവുമാണ് പാര്‍ട്ടിയെ പതനത്തിലെത്തിച്ചത്. മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കാനോ ബദല്‍ രാഷ്ട്രീയമുയര്‍ത്തി ബി ജെ പിയെ ചെറുക്കാനോ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചില്ല. വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടത്തില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസിനെ എവിടെയും കണ്ടിരുന്നില്ല. മാത്രമല്ല, ബി ജെ പിയുടെ തീവ്രവര്‍ഗീയ അജന്‍ഡകളെയും ജനാധിപത്യവിരുദ്ധ രീതികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടിയില്‍ പലപ്പോഴും പ്രകടമായത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങള്‍ പരിചയ സമ്പന്നരായ പഴയ കാലനേതാക്കളുമായി കൂടിയാലോചിക്കുന്നില്ലെന്ന് പരാതിയുണ്ട്. യുവ നേതാക്കളാണ് അദ്ദേഹത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഓഫീസ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും. ഇത്തരം പാകപ്പിഴകള്‍ തിരുത്തി മുന്നേറാനായാല്‍ രാജ്യത്തെയും പാര്‍ട്ടിയെയും രക്ഷിക്കാന്‍ അദ്ദേഹത്തിനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.