ബഹുസ്വരതയുടെ ശില്‍പ സൗന്ദര്യം

Posted on: December 12, 2017 12:02 am | Last updated: January 4, 2018 at 5:41 pm

ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും സാംസ്‌കാരിക സൗന്ദര്യവും നിസ്തുലമാണ്. മതേതര ജനാധിപത്യ സങ്കല്‍പവും രാഷ്ട്രീയ അവബോധവുമാണ് ഇന്ത്യയെന്ന ബഹുമത ഭാഷ വര്‍ഗ ഭാരതത്തിന്റെ അസ്തിത്വവും വ്യതിരിക്തതയും.
ഈ സദ്ഭാവനയെയും സമന്വയ തലത്തെയും പരിരക്ഷിക്കുന്നതില്‍ ഓരോ ജനവിഭാഗവും അവരുടേതായ പങ്ക് ചരിത്രപരമായി കാലാകാലങ്ങളിലായി നിര്‍വഹിച്ചു പോരുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍ നിര്‍മാണാത്മകമായ ഇന്ത്യയുടെ സ്വത്വത്തെ നിരാകരിക്കാനും നിഷ്‌കാസനം ചെയ്യാനുമുള്ള ത്വര വര്‍ധിച്ചുവരികയാണ്. ഇതിന് പിന്നിലെ പ്രധാനകാരണം ഇന്ത്യാ ചരിത്രവും ഭാരതത്തിന്റെ യഥാര്‍ഥ ചരിത്രവും മനസ്സിലാക്കുന്നതിലെ വിമുഖതയാണ്.
മതം, രാഷ്ട്രീയം, രാഷ്ട്രം, സമൂഹം എന്തെന്ന് വിവേചിച്ചറിയാനുള്ള അവബോധ പഠനങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ടുമാത്രമേ ഇത്തരം ചീത്ത പ്രവണതകളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂ. മനുഷ്യനെ തിരിച്ചറിയാനുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠശാലകള്‍ ഇതിന് അനിവാര്യമാണ്. മര്‍കസുസ്സഖാഫത്തിസുന്നിയ്യയിലൂടെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈ ദൗത്യത്തിലേക്കാണ് പാദമൂന്നിയത്. മതത്തിന്റെ സത്തയും സാരവും മറികടക്കാതെ ബഹുസ്വരതയുടെ ആഴവും പരപ്പും നെഞ്ചേറ്റിയുള്ള സാംസ്‌കാരിക നവോഥാനത്തിനും കൂടിയാണ് കാന്തപുരം യത്‌നിക്കുന്നതെന്നു കൂടി പറയാം.
പാര്‍ശ്വവത്കരിക്കപ്പെട്ട ജന വിഭാഗത്തെയാണ് കാന്തപുരം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. മതത്തിന്റെ മൗലിക തത്വങ്ങളെ സൂക്ഷ്മമായി കൈയാളുമ്പോഴും രാഷ്ട്രത്തിന്റെ ഭദ്രതക്കും ജനാധിപത്യപരമായ ഉന്നതിക്കും പ്രയത്‌നിക്കുന്നുവെന്നതാണ് മര്‍കസ് പ്രസ്ഥാനം ഇതര മതസംഘടനകളില്‍ നിന്ന് വ്യതിരിക്തമാകുന്നത്.
വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുകയും മത മൂല്യങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുന്ന പരിസരത്താണ് മത ദര്‍ശനങ്ങളുടെ യഥാര്‍ഥ തലങ്ങളെയും തത്വങ്ങളെയും മര്‍കസിലൂടെ സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. വിജ്ഞാനം വിളക്കാണ്. കത്തിജ്വലിക്കുന്ന പ്രകാശം. ഇരുളില്‍ നിന്ന് പ്രകാശത്തിലേക്കെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഈ കാഴ്ചപ്പാടിനെ അന്വര്‍ഥമാക്കുകയാണ് മര്‍കസിന്റെ കവാടം. വിജ്ഞാനങ്ങളില്‍ നിന്ന് മാത്രമേ നിര്‍മിതികളും ജീവിത നിര്‍വഹണങ്ങളും സാധ്യമാകൂ എന്ന് ധ്വനിപ്പിക്കുന്ന മനോഹര കവാടം.
നോളജ് സിറ്റിക്കു തുടക്കം കുറിച്ചതിലൂടെ മര്‍കസിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്കാണ് കാന്തപുരം രാജ്യത്തെ കൂടി ഒപ്പം നടത്തിക്കുന്നത്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തന്നെ ചെയ്തു തീര്‍ക്കണമെന്ന ശാഠ്യമില്ലാതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സഹായത്തോടെ ചെയ്യുക എന്ന ചിന്തയും പ്രവൃത്തിയും നാമേവരും ഏറ്റെടുക്കേണ്ട ബാധ്യതയാണ്. ഇവിടെയും മര്‍കസ് മാതൃകയാവുന്നു.
സര്‍ഗാത്മകയുടെ അക്ഷര നികേതം നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കി റൂബി ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു എന്നറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം സഞ്ചരിക്കാനാണ് മര്‍കസും സുന്നി പ്രസ്ഥാനവും ശ്രമിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള യാത്രയും മാനവികതയുടെ വഴിത്താരയിലൂടെയാവട്ടെ എന്നാശംസിക്കുന്നു.