Connect with us

Kerala

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഒരു മാസം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ കസ്തുരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവരുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേസുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ അപേക്ഷ നല്‍കിയത്. കേസില്‍ കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ നാലാഴ്ചത്തെ സമയം അനുവദിക്കണമെന്നാണ് കസതൂരിരംഗ അയ്യരുടെ അഭിഭാഷകന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്റെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ലാവ്‌ലിന്‍ ഇടപാട് സമയത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയ അതേ കാരണങ്ങള്‍ കൊണ്ട് കേസിന്റെ വിചാരണയില്‍ നിന്ന് തങ്ങളേയും ഒഴിവാക്കണെമെന്നാവശ്യപ്പെട്ടാണ് മൂന്നും നാലും പ്രതികളായ വി കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ ഹരജി നല്‍കിയത്.

ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഒക്‌ടോബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് നീട്ടിയത്. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ ഇതുവരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

---- facebook comment plugin here -----

Latest