ചരിത്രത്തിന്റെ തീവ്ര വലതുപക്ഷ വ്യാഖ്യാനം മതേതര ഇന്ത്യയെ തകര്‍ക്കും: മന്ത്രി ജലീല്‍

Posted on: December 10, 2017 11:36 am | Last updated: December 10, 2017 at 11:36 am

കോഴിക്കോട്: ചരിത്രത്തിന്റെ തീവ്ര വലതുപക്ഷ വ്യാഖ്യാനം മതേതര ഇന്ത്യയെ തകര്‍ക്കുമെന്നും ചരിത്രത്തില്‍ മായം ചേര്‍ത്താല്‍ തിരിച്ചറിയാനാവാത്ത വിധം രാജ്യം തകര്‍ന്നു പോവുമെന്നും മന്ത്രി ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഒരു നാടിന്റെ ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്താല്‍ നാടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ത്രിദിന മൂന്നാം വാര്‍ഷിക സമ്മേളനം ഫാറൂഖ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ചരിത്രകാരന്‍മാരും ഇടതുപക്ഷ ചരിത്രകാരന്‍മാരും കാത്ത് സൂക്ഷിച്ച മതേതര ചരിത്രത്തില്‍ മായം ചേര്‍ത്തതിന്റെ അനന്തര ഫലങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ത്തമാന ഇന്ത്യയിലെ തീവ്ര വലതുപക്ഷ ചരിത്ര ദുര്‍വ്യാഖ്യാന പദ്ധതി ബോധപൂര്‍വം ഭരണകൂട പിന്തുണയോടെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ കുരിക്കള്‍ അധ്യക്ഷ വഹിച്ചു.