ഏട്ടിലൊതുങ്ങുന്ന മനുഷ്യാവകാശങ്ങള്‍

Posted on: December 10, 2017 6:37 am | Last updated: December 9, 2017 at 11:40 pm

മനുഷ്യാവകാശ ദിനമാണിന്ന്. ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഐക്യരാഷ്ട്ര സഭ വിളംബം ചെയ്യുന്നത്. മതവിശ്വാസത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടി ജീവിതം നയിക്കാനുള്ള അവകാശം. വാര്‍ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ,് വ്യക്തികളുടെ സ്വകാര്യത എന്നിവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് ഇവയില്‍ ഏതെല്ലാം അവകാശങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്ന് വിലയിരുത്തേണ്ടതാണ്.

മനുഷ്യനെ മനുഷ്യനായി കാണാന്‍ തയാറാവാതെ, മതത്തിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം നോക്കിക്കണ്ട് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കുകയും ജീവനോടെ ചുട്ടെരിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഏറ്റവും വലിയ മതേതര ജനാധിപത്യരാഷ്ട്രമെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഇന്ത്യയില്‍ നിലവിലുളളത്. മതന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ഭരണകൂടത്തോടും ഹിന്ദുത്വ ഫാസിസത്തോടും യാചിക്കേണ്ട അവസ്ഥയാണിവിടെ. ഫാസിസം അതിന്റെ രൗദ്ര രൂപം പൂണ്ട് ഈ വിഭാഗങ്ങളെ കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്. ലൗജിഹാദ് അരോപിച്ച് പശ്ചിമ ബംഗാളിലെ മുഹമ്മദ് അല്‍റസൂലിനെ ക്രൂരമായി തല്ലിച്ചതച്ചവശനാക്കിയ ശേഷം ജീവനോടെ തീവെച്ചു കൊന്നത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. യു പിയിലെ മുഹമ്മദ് അഖ്‌ലാഖ്, പശ്ചിമ ബംഗാളിലെ ഹാഫിസുല്‍ ശൈഖ്, അന്‍വര്‍ ഹുസൈന്‍,ഹരിയാനയിലെ ജൂനൈദ് എന്നിങ്ങനെ എത്രപേരാണ് ഇവിടെ പശുവിന്റെ പേരില്‍ മൃഗീയമായി വധിക്കപ്പെട്ടത്. മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കാണ് ഇവിടെ പരിഗണന.

നീതി മനുഷ്യാവകാശങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. നീതി നിഷേധം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവുമാണ്. താന്‍ ചെയ്ത കുറ്റമെന്താണെന്നറിയാതെ എത്രയെത്ര നിരപരാധികളാണ് ഭീകരവിരുദ്ധ നിയമത്തിലെ കിരാതമായ വകുപ്പുകള്‍ ചുമത്തി നമ്മുടെ ജയിലറകളില്‍ ദുരിത ജീവിതം നയിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗമായിപ്പോയി എന്നതാണ് ഇവരില്‍ പലരും ചെയ്ത ‘തെറ്റ്’. മതവും ജാതിയും നോക്കിയാണ് പലപ്പോഴും ഒരാളെ കുറ്റവാളിയാക്കുന്നതും തടവറ വിധിക്കുന്നതുമെല്ലാം. മഅ്ദനിയുടെ ചരിത്രം മുമ്പിലുണ്ട്. ഹാദിയ കേസ് ഏറ്റവും പുതിയ ഉദാഹരണമാണ്. മതേതരത്വം ആധാരശിലയായി അംഗീകരിച്ച രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ വിശ്വാസാചാര ചിഹ്നങ്ങളെയും വേഷങ്ങളെയും അസഹിഷ്ണുതയോടെ കാണുകയും തടയാന്‍ ശ്രമിക്കുകയുമാണ്.ഇന്ത്യയില്‍ മതന്യൂന പക്ഷങ്ങള്‍, ദലിതര്‍, സ്ത്രീകള്‍, കുട്ടികള്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങിയവര്‍ കൊടിയ വിവേചനം അനുഭവിക്കേണ്ടി വരുന്നതായി മനുഷ്യാവകാശം സംബന്ധിച്ചുള്ള ആഗോള സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ(എച്ച് ആര്‍ ഡബ്ല്യു) റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ഇന്ത്യ വന്‍പരാജയമാണെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.

രാജ്യത്ത് ദലിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അതിനിഷ്ഠൂരമാണ്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ ഉനയില്‍ ചത്തപശുവിന്റെ തോലുരിഞ്ഞ ഏഴ് ദളിത് യുവാക്കളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവം അന്തര്‍ദേശീയ തലത്തില്‍ തന്നെ കടുത്ത പ്രതിഷേധത്തിനിടയാക്കിയതാണ്. ഗുജറാത്തില്‍ കൊലപാതകം, ബലാത്സംഗം,വധഭീഷണി, ഊരുവിലക്ക്, മര്‍ദനം തുടങ്ങി ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരികയാണെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖകള്‍ വ്യക്തമാക്കുന്നത്. 2012ല്‍ 1074 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2015ല്‍ അത് 6655 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ 110 ഗ്രാമങ്ങളില്‍ ജാതീയ വിലക്കുകളെ തുടര്‍ന്ന് ദളിതര്‍ ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. 100 ഗ്രാമങ്ങളില്‍ പോലീസ് സംരക്ഷണത്തിലാണ് അവര്‍ കഴിയുന്നത്. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിയും ഏറെക്കുറെ സമാനമാണ്. ഇങ്ങ് കേരളത്തിലും താഴ്ന്ന ജാതിക്കാരുടെ സ്ഥിതി മെച്ചമല്ല. സാംബവ(പറയ) വിഭാഗക്കാരായതുകൊണ്ട് ചില വിദ്യാര്‍ഥികള്‍ക്ക് എന്‍ സി സിയില്‍ അയിത്തം കല്‍പ്പിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോയതിന് പോലീസ് ആദിവാസി യുവാക്കളുടെ മുണ്ടുരിഞ്ഞതും സാക്ഷര കേരളത്തില്‍ തന്നെ. മനുഷ്യാവകാശങ്ങള്‍ ഇവിടെ വാക്കുകളിലും ഭരണഘടനയിലുമായൊതുങ്ങുകയാണ്.

ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനും സ്വന്തം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും ആവിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ഈ അവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെട്ടു കൂടാ. മനുഷ്യാവകാശം അതിന്റെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതും പ്രയോഗവത്കരണത്തെക്കുറിച്ച് അറിയേണ്ടതും പ്രവാചകര്‍ മുഹമ്മദ് (സ)യില്‍ നിന്നാണ്. ഹിജ്‌റ പത്താം വര്‍ഷം അറഫാ മൈതാനിയില്‍ തന്റെ ദൗത്യത്തിന് പരിസമാപ്തി കുറിച്ച് പ്രവാചകര്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണമാണ് ലോകത്തെ ഏറ്റവും മഹത്തായതും പ്രൗഢമായതുമായ മനുഷ്യാവകാശ പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയടക്കം ലോകത്തെ മറ്റു പ്രസ്ഥാനങ്ങളുടെ മനുഷ്യാവകാശ നയരേഖകള്‍ക്ക് അടിസ്ഥാനം ഈ പ്രഖ്യാപനമാണ്.