നിരത്തുകളിലെ സുരക്ഷിതത്വം ഓര്‍മപ്പെടുത്തി അപകടങ്ങളിലെ ഇരകള്‍ക്കായി ഒരുദിനം

Posted on: December 9, 2017 8:39 pm | Last updated: December 9, 2017 at 8:39 pm

റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരും അവയങ്ങള്‍ നഷ്ടപ്പെടും വൈകല്യം സംഭവിച്ചും സ്ഥിരമായി കിടപ്പിലാകുന്നവരുമായ ഇരകളെ ഓര്‍മിച്ച് റോഡപകടങ്ങള്‍ക്കെതിരെ ജാഗ്രത പുലത്താന്‍ സമൂഹത്തെ ബോധവത്കരിച്ച് ഒരു ദിനം. വാഹനാപകടങ്ങളിലെ ഇരകളുടെ ഓര്‍മക്കായി ലോകതലത്തില്‍ സംഘടിപ്പിക്കുന്ന ദിനാചരണമാണ് കഴിഞ്ഞ ദിവസം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്നത്. ലോത്ത് ദശലക്ഷക്കണക്കിനാളുകള്‍ അപകടങ്ങളുടെ ഇരകളാകുമ്പോള്‍ ഖത്വറില്‍ യുവക്കളുടെ മരണകാരണങ്ങളില്‍ പ്രധാനം വാഹനാപകടങ്ങളാണ്. അപകട മരണങ്ങളും വൈകല്യങ്ങളും 50 ശതമാനം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ദിനാചരണം നടക്കുന്നത്.

ഖത്വറില്‍ ഈ രംഗത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ റോഡപകട മരണ നിരക്കില്‍ 43 ശതമാനവും അംഗവൈകല്യം സംഭവിക്കുന്നതില്‍ 25 ശതമാനത്തിന്റെയും കുറവുണ്ടാക്കാന്‍ സാധിച്ചതായി എച്ച് എം സി ഹമദ് ട്രോമ സെന്റര്‍ മേധാവി ഡോ. ഹസന്‍ അല്‍ താനി പറഞ്ഞു. പരുക്കേല്‍ക്കുന്നവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കി അവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് ട്രോമ സംവിധാനമാണ്. പരുക്കേറ്റവരെ ചികിത്സിക്കുക മാത്രമല്ല, അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടി ട്രോമ സംവിധാനം പ്രവര്‍ത്തിക്കുന്നു. എച്ച് എം സിയുടെ ആംബുലന്‍സ് സര്‍വീസ്, ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സന്നദ്ധസംഘടനകളും ഈ രംഗത്ത് സംഭാവനകളര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ഘട്ടങ്ങളില്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ സേവനം നല്‍കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഓരോ വര്‍ഷവും സേവന ആവശ്യം വര്‍ധിച്ചു വരികയാണെന്നും എച്ച് എം സി ആംബുലന്‍സ് സര്‍വീസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിന്‍ഡന്‍ മോറീസ് പറഞ്ഞു. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കായി 24 മണിക്കൂറും ജാഗ്രതയോടെയിരിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി കെയര്‍ സേവനമാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഹമദ് ജനറല്‍ ആശുപത്രി എമര്‍ജന്‍സി വിഭാഗം ക്ലിനിക്കല്‍ ഓപറേഷന്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ക്ലെയര്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

അപകടഘട്ടങ്ങളില്‍ ഏറ്റവും ആദ്യത്തില്‍ നല്‍കുന്ന ശുശ്രൂഷയാണ് പരുക്കേറ്റവര്‍ക്ക് ഫലപ്രദമാകുക എന്നും വൈകുന്തോറും സങ്കീര്‍ണത വര്‍ധിക്കും എന്നതിനാല്‍ ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തര സേവനന ദാതാക്കള്‍ക്കാണ് ഈ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിലൂടെ അപകടങ്ങള്‍ കുറക്കുന്നതിനായും പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.