അബുദാബി പോലീസിന് മോട്ടോര്‍ബൈക്ക് ആംബുലന്‍സ്

Posted on: December 9, 2017 8:18 pm | Last updated: December 9, 2017 at 8:18 pm

അബുദാബി: മേഖലയില്‍ ആദ്യമായി മോട്ടോര്‍ബൈക്ക് ആംബുലന്‍സുകളുമായി അബുദാബി പോലീസ്. ആധുനിക രീതിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളും നൂതന പരിഹാര മാര്‍ഗങ്ങളും സജ്ജീകരിച്ചാണ് മോട്ടോര്‍ ബൈക്ക് ആംബുലന്‍സ് നിരത്തിലിറക്കിയിരിക്കുന്നത്. ഹൈഡ്രോളിക് ടെക്നോളജി, ചെറിയ അഗ്നിബാധയെ പ്രതിരോധിക്കാവുന്ന ഫയര്‍ എസ്റ്റിങ്ഗ്യുഷര്‍, ഓട്ടോമാറ്റിക് ഡിഫിബ്രിലേറ്റര്‍ എന്നിവയും ഈ ആംബുലന്‍സിലുണ്ട്. അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി അറിയിച്ചു. ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ ആംബുലന്‍സും അബുദാബി പോലീസ് പരിചയപ്പെടുത്തുന്നത്. അതോടൊപ്പം ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ വളരെ വേഗത്തില്‍ നല്‍കാനാവുമെന്നും പ്രതീക്ഷിക്കുന്നു.

അബുദാബി പോലീസിന്റെ മോട്ടോര്‍ ബൈക്ക് ആംബുലന്‍സ് പട്രോളിംങ് ആംരംഭിച്ചതായും മികച്ച നിലവാരത്തിലുള്ള പോലിസ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി അവരുടെ വിശ്വാസം വര്‍ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രതികരിക്കാനും ഇരകളുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കുന്ന സംവിധാനങ്ങളും മോട്ടോര്‍ബൈക്ക് ആംബുലന്‍സ് വഴി ഉറപ്പാക്കാനാവുമെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്‍ഫാന്‍ അല്‍ ദാഹിരി അറിയിച്ചു.