ഐ ലീഗ്: ഗോകുലം കേരള ഇന്ന് നെരോക എഫ് സിയെ നേരിടും

Posted on: December 9, 2017 9:26 am | Last updated: December 9, 2017 at 9:26 am

കോഴിക്കോട്: മുന്നോട്ടുള്ള കുതിപ്പിന് ആത്മബലമേകാന്‍ ഐ ലീഗ് സീസണിലെ ആദ്യ ജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് വീണ്ടും ഹോം മാച്ചിന് ഇറങ്ങുന്നു. മണിപ്പൂരിലെ സെക്കന്‍ഡ് ഡിവിഷന്‍ ചാമ്പ്യന്‍മാരായ ഇംഫാല്‍ നെരോക എഫ് സിയാണ് എതിരാളികള്‍. കത്തുന്ന വെയിലില്‍ ഉച്ചക്ക് രണ്ടിനാണ് മത്സരം.
വെയിലത്തുള്ള കളിയും ചില വിദേശ താരങ്ങള്‍ക്കുള്ള പരുക്കും ടീമിനെ അലട്ടുന്നുണ്ടെങ്കിലും കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ നിറഞ്ഞു കവിയുന്ന ആരാധകര്‍ക്ക് മുമ്പില്‍ ഇന്ന് വിജയക്കൊടി പാറിക്കുമെന്ന് ടീം മാനേജ്‌മെന്റ് ആണയിടുന്നു.

ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോംഗിനോട് തോല്‍ക്കുകയും പിന്നീട് ചെന്നൈ എഫ് സിയോട് സമനില വഴങ്ങുകയും ചെയ്ത കേരള ടീമിന് ഒരു പോയിന്റാണുള്ളത്. നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിംഗിലെ പിഴുവുകളായിരുന്നു ചെന്നൈക്കെതിരെ തിരിച്ചടിയായത്. കഴിഞ്ഞ അഞ്ച് ദിവസമായി കഠിനമായ പരിശീലനവും സ്വന്തം കാണികള്‍ക്ക് മുമ്പിലെന്ന ആനൂകൂല്യവും ഇന്നത്തെ മത്സരത്തിന് കരുത്തേകുമെന്നാണ് ടീം കണക്ക് കൂട്ടുന്നത്.
ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ സുശാന്തിനെ മാറ്റിനിര്‍ത്തിയാല്‍ വിദേശ താരങ്ങളായിരുന്നു ടീമിന്റെ ആക്രണമണത്തിന് മൂര്‍ച്ച കൂട്ടിയത്. പ്രത്യേകിച്ചും സിറിയന്‍ മിഡ്ഫീല്‍ഡര്‍ ഖാലിദ് അല്‍ സലേഹ്. പരുക്ക് കാരണം അദ്ദഹം ഇന്ന് കളത്തിലിറങ്ങില്ല. എന്നാല്‍ തമിഴ്‌നാടിന്റെയും മഹാരാഷ്ട്രയുടെയും സന്തോഷ് ട്രോഫി താരങ്ങളായ ഷിനുവും ഇര്‍ഷാദും ഇന്ന് ഗോകുലത്തിനായി ബൂട്ട്‌കെട്ടും.

ഡല്‍ഹി ആരോസും ചെന്നൈ സിറ്റിയും കാര്യമായ വിദേശതാരങ്ങളിലാതെ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ കേരളത്തിന് അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്ന് കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു.
ആദ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ടീം വൈസ് ക്യാപ്റ്റനും മലയാളിയുമായ ഇര്‍ഷാദും പറഞ്ഞു. കളി കാണാന്‍ നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വരുന്നുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു.

ആദ്യകളിയില്‍ മിനര്‍വ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും മണിപ്പൂരി ടീമിനെ ചെറുതായി കാണാന്‍ കഴിയില്ല. വേറിട്ട ഗെയിമാണ് തങ്ങളുടേത്. ആദ്യ മത്സരത്തിലെ പിഴവുകള്‍ എന്തെന്ന് ടീമിന് അറിയാം. ഓരോ പോയിന്റും നിര്‍ണായകമായ മത്സരത്തില്‍ ജയം തന്നെയാണ് ലക്ഷ്യം. കേരള ടീമിന് മികച്ച എതിരാളികളായിരിക്കും തങ്ങളെന്ന് വാക്ക് നല്‍കുന്നു- നെരോക എഫ് സി കോച്ച് ഗിഫ്റ്റ് റെയ്ഖാന്‍ പറഞ്ഞു. സ്റ്റാര്‍ സ്‌ട്രൈക്കറും ആദ്യ മത്സരത്തില്‍ ടീമിന്റെ ഏക ഗോള്‍ സ്‌കോററുമായ നൈജീരിയന്‍ താരം ഫെലിക്‌സ് ചിഡി പരുക്കിനെ തുടര്‍ന്ന് ഇന്ന് നെരോക ഇലവനില്‍ ഉണ്ടാകില്ല. എന്നാല്‍ വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള എട്ട് താരങ്ങള്‍ പ്ലയിംഗ് ഇലവനിലുണ്ടാകുമെന്നതാണ് ഇവരുടെ പ്രധാന കരുത്ത്.
കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ടിക്കറ്റ് അടിസ്ഥാനത്തിലായിട്ടും 25000ത്തില്‍പ്പരം കാണികളാണ് എത്തിയത്. എന്നാല്‍ ഇന്ന് പൂര്‍ണമായും സൗജന്യമായാണ് പ്രവേശനം.