ജറുസലം ഇസ്‌റാഈലിന്റെ തലസ്ഥാനം: ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇന്ത്യ

Posted on: December 7, 2017 1:57 pm | Last updated: December 7, 2017 at 7:56 pm

ന്യൂഡല്‍ഹി: ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യയും ലോക നേതാക്കളും പ്രതിഷേധവുമായി രംഗത്ത്. ഈ നിലപാടിനെ പിന്തുണക്കാനാകില്ലെന്നും പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. പലസ്തീന്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന്റെ തീരുമാനം ഇന്ത്യയുടെ നയത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെല്‍ അവീവിനു പകരം ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തെ എതിര്‍ത്ത് ബ്രിട്ടനും രംഗത്തെത്തി. അമേരിക്കയുടെ പാത പിന്തുടരാന്‍ തങ്ങളില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. മധ്യ കിഴക്കന്‍ ഏഷ്യയിലെ സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണും ജര്‍മനിയും ഫ്രാന്‍സും ജറുസലമിലെയും ഗാസയിലെയും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുതിയ സാഹചര്യത്തില്‍ ഇവിടെ അക്രമസംഭവങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണിത്.

ഇസ്‌റാഈല്‍ വിഷയത്തില്‍ കാലങ്ങളായി അമേരിക്ക സ്വീകരിച്ചുവരുന്ന നിലപാടില്‍ നിന്നുള്ള ചുവടുമാറ്റമാണ് ട്രംപിന്റെ നീക്കം. മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്ന് അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.