ആധാര്‍ ബന്ധിപ്പിക്കല്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം

Posted on: December 7, 2017 1:22 pm | Last updated: December 7, 2017 at 7:33 pm

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ബേങ്ക് അക്കൗണ്ട് അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ മാത്രം. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെ 90 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, പുതുതായി ആധാര്‍ എടുക്കുന്നവര്‍ക്ക് വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31വരെ സമയം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം നാളെ പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയവും നീട്ടി നല്‍കില്ലെന്നാണ് സൂചന. നിലവില്‍ ബേങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31ഉം മൊബൈലിന് 2018 ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.