Connect with us

National

മോദി തോറ്റിടത്ത് ഹര്‍ദിക് ജയിക്കുന്നു; സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച്

Published

|

Last Updated

സൂറത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രചാരണത്തില്‍ ബി ജെ പിയും നരേന്ദ്ര മോദിയും തോറ്റിടങ്ങളില്‍ സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് വിജയം കൊയ്യുകയാണ് പട്ടീദാര്‍ അമാനത്ത് ആന്തോളന്‍ സമിതി നേതാവായ ഹര്‍ദിക് പട്ടേലെന്ന ഇരുപത്തിനാലുകാരന്‍.

വന്‍ ഒരുക്കങ്ങളോടെ കൊട്ടിഘോഷിച്ച് ബി ജെ പി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കുറവ് മൂലം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഒരുക്കങ്ങളൊന്നുമില്ലാതെ നടത്തിയ ഹര്‍ദിക് പട്ടേലിന്റെ റാലികളും പ്രചാരണ പരിപാടികളും ജനനിബിഡമാകുന്ന കാഴ്ചയാണ് ഗുജറാത്ത് കണ്ടത്. മോദിയുടെ റാലികളില്‍ ഒഴിഞ്ഞ കസേരകള്‍ അവശേഷിക്കുന്ന അതേ സ്ഥലങ്ങളില്‍ തന്നെയാണ് വന്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പ്രചാരണം നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

പട്ടേലിന്റെ റാലികളിലും പ്രചാരണ പരിപാടികളിലും ഗ്രാമീണരുള്‍പ്പെടെയുവള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ പട്ടീദാര്‍ അമാനത്ത് ആന്തോളന്‍ സമിതി പ്രവര്‍ത്തകര്‍ പ്രധാനമായും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളെയാണ്. മാധ്യമങ്ങള്‍ക്ക് വന്‍തോതില്‍ പണം നല്‍കി പരസ്യം ചെയ്ത് ബി ജെ പി സംഘടിപ്പിക്കുന്ന പരിപാടികളെ മറികടക്കാള്‍ ചെലവ് ചുരുക്കി സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഹര്‍ദിക് പട്ടേലും, പാസ് പ്രവര്‍ത്തകരും.

ഗ്രാമീണര്‍ക്കിടയില്‍ സംഘടനയുടെ സ്വാധീനമുപയോഗിച്ച് പ്രത്യേകം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി നിര്‍ദേശങ്ങളും അറിയിപ്പുകളും യഥാസമയം എത്തിച്ച് സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സാന്നിധ്യം പ്രചാരണത്തില്‍ ഉറപ്പു വരുത്താന്‍ പ്രത്യേക മേല്‍നോട്ട സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളെ പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിദഗ്ധരായ പ്രത്യേക സംഘമുള്ള ബി ജെ പിയുടെ ഐ ടി സെല്ലിനെ പോലും പിന്നിലാക്കിയാണ് ഹര്‍ദികിന്റെയും സമിതിയുടെയും മുന്നേറ്റം.

അതേസമയം കഴിഞ്ഞ ദിവസം വഡോദരയിലെ ബറുച്ച് ജംബൂസറിലെ മോദിയുടെ റാലിയില്‍ നൂറുകണക്കിന് ഒഴിഞ്ഞ കസേരകള്‍ നിരന്നു കിടന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എ ബി പി ന്യൂസ് ചാനല്‍ ക്യാമറാമാന്‍ ജൈനേന്ദ്രകമാര്‍ എടുത്ത ഫോട്ടോയും വീഡിയോയുമാണ് വൈറലായിരിക്കുന്നത്. ജൈനേന്ദ്ര കുമാര്‍ തന്റെ ട്വിറ്റര്‍ പേജിലാണ് ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നത്.
12000 കസേരകള്‍ നിരത്തിയ വേദിയിലാണ് നൂറുകണക്കിന് കസേരകള്‍ ഒഴിഞ്ഞുകിടന്നത്. കഴിഞ്ഞയാഴ്ച രാജ്‌കോട്ടിനടുത്ത മോര്‍ബിയിലും അതിന് മുമ്പ് പോര്‍ബന്തറിലും നടത്തിയ റാലികളിലും ആളുകള്‍ കുറഞ്ഞത് ബി ജെ പിക്ക് തിരിച്ചടിയായിരുന്നു.
തുടര്‍ന്ന് ബി ജെ പി സംസ്ഥാന നേതൃത്വത്തോടും തിരഞ്ഞെടുപ്പ് സമിതിയോടും പാര്‍ട്ടി ദേശീയ നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളാണ് ആളുകള്‍ കുറയാന്‍ കാരണമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കറുത്ത കോട്ട്, ഷര്‍ട്ട്, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയവ ധരിച്ച ആളുകളെ വേദിയിലേക്കു പ്രവേശിപ്പിച്ചിരുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പറയുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest