ഓഖി ദുരിതബാധിതര്‍ക്കുള്ള സമഗ്ര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

Posted on: December 6, 2017 11:44 am | Last updated: December 6, 2017 at 8:34 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിച്ചവര്‍ക്ക് സമഗ്ര നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായ‌ം നൽകു‌ം. പുനരധിവാസം, വിദ്യാഭ്യാസ സഹായം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. പാക്കേജ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ മന്ത്രിസഭാ യേഗാം ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം, ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ധനസഹായ‌ം അനുവദിക്കുക.  ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ നിബന്ധനകളില്‍ ഇളവ് നല്‍കും. വള്ളം, ബോട്ട്, വല തുടങ്ങിയവ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴില്‍ മേഖലയില്‍ മടക്കിക്കൊണ്ടുവരാന്‍ നടപടി ഉടനുണ്ടാകും. വീടു തകര്‍ന്നവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും ധനസഹായം ഉടന്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.