Connect with us

Kasargod

ഈ ദുരവസ്ഥ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിക്ക് സ്വന്തം

Published

|

Last Updated

കാസര്‍കോട്: തകരാറിലായ ലിഫ്റ്റുകള്‍ നന്നാക്കാത്തത് ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാഴ്ത്തുന്നു. ലിഫ്റ്റുകള്‍ വീണ്ടും പ്രവര്‍ത്തനരഹിതമായതോടെ അത്യാഹിതവിഭാഗത്തിലേക്കും ഓപ്പറേഷന്‍ തിയേറ്ററിലേക്കും മറ്റും രോഗികളെ കൊണ്ടുപോവുന്നത് ദുഷ്‌കരമാവുകയാണ്. വീല്‍ചെയറിലൂടെ പല രോഗികളെയും മുകളിലെത്തിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. ഇവിടെ പ്രധാന ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഏറെ കഷ്ടപ്പെടുന്നു.
സ്‌റ്റെപ്പുകള്‍ കയറാനാകാതെ രോഗികള്‍ വിഷമിക്കുന്ന കാഴ്ച അങ്ങേയറ്റം ദയനീയമാണ്. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ലിഫ്റ്റില്‍ പരമാവധി ആറുപേര്‍ക്കു മാത്രമേ കയറാന്‍ സാധിക്കുകയുള്ളൂ. സ്‌ട്രെച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഈ ലിഫ്റ്റില്‍ ഉപയോഗിക്കാന്‍ കഴിയാത്തത് മറ്റൊരു പ്രശ്‌നമാണ്. എത്ര അവശത അനുഭവിക്കുന്ന രോഗിയാണെങ്കിലും വീല്‍ചെയറില്‍ മാത്രമേ മുകളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
സാധാരണയായി ആശുപത്രികളില്‍ വീല്‍ചെയറും സ്‌ട്രെച്ചറും കൊണ്ടുപോകാനായി തയാറാക്കുന്ന റാംപുകളും ഇവിടെയില്ല. ഇതുകാരണം രോഗികളുടെ ദുരിതം ഇരട്ടിക്കുകയാണ്. ഒരാഴ്ച മുമ്പാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ടു ലിഫ്റ്റുകളില്‍ ഒന്നു തകരാറിലായത്. 20 പേര്‍ക്കു കയറാവുന്നതും ആയിരത്തില്‍ അധികം കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമായ പ്രധാനലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ഓപ്പറേഷന്‍ തിയറ്ററിലേക്കും ഐസിയുവിലേക്കും സ്‌ട്രെച്ചറില്‍ എത്തിക്കാന്‍ ഈ ലിഫ്റ്റാണ് ഉപയോഗിച്ചിരുന്നത്. ആശുപത്രിയുടെ ഒന്നാംനിലയില്‍ പ്രസവ വാര്‍ഡാണ് സ്ഥിതി ചെയ്യുന്നത്.
രണ്ടാംനിലയില്‍ സ്ത്രീകളുടെയും മൂന്നാംനിലയില്‍ പുരുഷന്‍മാരുടെയും നാലാംനിലയില്‍ കുട്ടികളുടെയും വാര്‍ഡുകളുണ്ട്.

അഞ്ചാംനിലയിലാണ് ശസ്ത്രക്രിയാമുറിയുള്ളത്. ആറാംനിലയില്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നു.ലിഫ്റ്റിന്റെ സ്ഥാനം കെട്ടിടത്തിന്റെ ഒരു കോണിലാണുള്ളത്.
ചെറിയ ലിഫ്റ്റില്‍ രോഗികളെ അതതു നിലകളില്‍ എത്തിച്ചാല്‍ തന്നെ ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടാന്‍ കെട്ടിടത്തെ ഒരുവട്ടം വലം വെക്കേണ്ട അവസ്ഥയാണുള്ളത്.

Latest