Connect with us

Articles

ചോരച്ചാലുകള്‍ തീര്‍ത്ത രക്ത പ്രസ്ഥാനം

Published

|

Last Updated

സമാധാനവും അച്ചടക്കവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. അക്രമമുണ്ടാക്കുന്നതും അസമാധാനം വിതക്കുന്നതും മതം കഠിനമായി നിരോധിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ ഖുതുബയുടെ അവസാനമായി മുഴുവന്‍ സുന്നി പള്ളികളിലും ഉമറുബിന്‍ അബ്ദില്‍ അസീസി(റ)ന്റെ കാലം മുതല്‍ ഓതി കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ സാരമിതാണ്: തീര്‍ച്ചയായും അല്ലാഹു നീതി ചെയ്യാനും ഗുണം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ നല്‍കാനും കല്‍പ്പിക്കുന്നു. നീചവും നികൃഷ്ടവുമായ കാര്യങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും അല്ലാഹു നിരോധിക്കുന്നു. നിങ്ങള്‍ ഉത്ബുദ്ധരാവാന്‍ വേണ്ടിയാണ് അല്ലാഹു ഉപദേശിക്കുന്നത്”

സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സിവിലിയന്‍മാര്‍ ആയുധമുപയോഗിക്കുന്നതില്‍ ഇസ്‌ലാം നിയന്ത്രണം കൊണ്ടുവന്നു. മക്കയില്‍ നബി(സ) പതിമൂന്ന് വര്‍ഷം പ്രബോധനം നടത്തിയപ്പോള്‍ കൊടിയ പീഡനങ്ങളും അക്രമങ്ങളും സഹിക്കേണ്ടിവന്നു. ബീവി സുമയ്യ(റ) അബൂജഹ്‌ലിന്റെ ക്രൂരതകളാല്‍ കൊലചെയ്യപ്പെട്ടു. പലരേയും കെട്ടിയിട്ടു നെഞ്ചില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. പഴുപ്പിച്ച ഇരുമ്പു ചീളുകളില്‍ മലര്‍ത്തിക്കിടത്തി പീഡിപ്പിച്ചു. മുത്ത് നബി(സ) യുടെ കുടുംബത്തെ മൂന്ന് കൊല്ലക്കാലം ഭക്ഷണം പോലും വിലക്കി ഉപരോധിച്ചു. ഈ ഘട്ടത്തില്‍ എഴുപതിലധികം സൂക്തങ്ങളിലൂടെ അക്രമത്തെ അക്രമം കൊണ്ട് നേരിടരുത് എന്ന നിര്‍ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയത്. കാരണം, സിവിലിയന്‍മാര്‍ ആയുധമെടുത്താല്‍ അത് സര്‍വനാശത്തിന് മാത്രമേ വഴിയൊരുക്കുകയുള്ളൂ.

മദീനയില്‍ സായുധ പ്രതിരോധം അനുവദിച്ചത് ഒരു ഭരണകൂടം രൂപപ്പെട്ടപ്പോഴാണ്. മക്കയിലെ ശത്രുക്കള്‍ നാനൂറോളം കിലോമീറ്ററുകള്‍ താണ്ടി സര്‍വായുധ വിഭൂഷിതരായി മദീനയെ ആക്രമിക്കാന്‍ ബദറില്‍ തമ്പടിച്ച സമയത്താണ്, അവരെ നേരിടാന്‍ അനുമതി നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നത്.
ഒരു നാടിനെയും നാട്ടുകാരെയും അക്രമിച്ചു നശിപ്പിക്കാന്‍ വരുന്നവരില്‍ നിന്ന് ആ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണല്ലോ. ഇത് ലോകം അംഗീകരിക്കുന്ന ഒരു തത്വമാണ്. എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രതിരോധ മന്ത്രിമാരും സേനയും ആയുധങ്ങളുമുണ്ട്. ഇത് തീവ്രവാദമല്ല, സമാധാനത്തിന് വേണ്ടിയുള്ള വ്യവസ്ഥാപിത രീതി മാത്രമാണ്. ഇസ്‌ലാമിലെ സായുധ പ്രതിരോധങ്ങളെല്ലാം ഭരണകൂടത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ നടത്തിയതാണെന്ന് ആര്‍ക്കും ബോധ്യമാകും.

എന്നാല്‍, അവാന്തര വിഭാഗമായ ഖവാരിജുകള്‍ സിവിലിയന്മാരെ ആയുധമണിയിച്ച് സ്വഹാബികള്‍ക്കും രാഷ്ട്രത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനായി ഖുര്‍ആന്‍ സൂക്തങ്ങള്‍ അവര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. ഇവരാണ് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
സ്വഹാബിയായ അബ്ദുല്ലാഹില്‍ ഖബ്ബാബ്(റ) നെ ആടിനെ അറുക്കും പോലെ തന്റെ ഭാര്യയുടെ മുമ്പില്‍ വെച്ചു അറുത്തുകളഞ്ഞു. പിന്നീട് ഭാര്യയെ അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു. ഞാനൊരു സ്ത്രീയാണ്. എന്നെ നിങ്ങള്‍ വെറുതെ വിടുക. ആ ക്രൂരന്മാര്‍ പൂര്‍ണഗര്‍ഭിണിയായിരുന്ന ആ മഹതിയുടെ വയര്‍ കീറി ചോരക്കുഞ്ഞിനെ പുറത്തെടുത്തു. അവര്‍ ഒന്നിച്ചു പിടഞ്ഞുമരിച്ചു. അമിത ഭക്തി കാണിച്ച ഈ ഭീകരസംഘം ഇസ്‌ലാമിക ലോകത്ത് കാണിച്ച ഭീകരതക്ക് കണക്കില്ല. അവസാനം അലി(റ)വിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക സേന ഇവരെ അടിച്ചമര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്‌തെങ്കിലും പിന്നീട് പല പേരുകളിലും ഈ കക്ഷികള്‍ പല കാലത്തും രംഗത്തുവന്നുകൊണ്ടിരുന്നു.

ആധുനിക സലഫിസത്തിന് അടിത്തറ പാകിയ ഇബ്‌നു അബ്ദില്‍ വഹാബും തന്റെ കാലഘട്ടത്തിലെ മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിച്ചുകൊണ്ട് അവരോട് യുദ്ധം തുടങ്ങുകയായിരുന്നു. കേരളത്തിലെ മുജാഹിദുകള്‍ തന്നെ എഴുതി:”” വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും മുജാഹിദുകള്‍ എന്ന് അനുകൂലികളും വിളിക്കുന്ന ചിന്താധാരയേതോ അതിന്റെ പ്രഭവകേന്ദ്രമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് 1703ല്‍ നജ്ദില്‍ ഭൂജാതനായി. അര നൂറ്റാണ്ട് മുമ്പ് അന്തരിച്ച ഇബ്‌നുതൈമിയയുടെ ഗ്രന്ഥങ്ങള്‍ പഠിച്ച ഇബ്‌നുഅബ്ദില്‍ വഹാബിന്റെ ഉള്ളില്‍ ഗുരുവിനെപോലെ ജിഹാദ് ചെയ്യണമെന്ന ആവേശം ജ്വലിക്കുന്നു….ഇബ്‌നു വഹാബ് തന്റെ ചുറ്റും കണ്ണോടിക്കുമ്പോള്‍ കണ്ട കാഴ്ച എന്താണ്? മുസ്‌ലിംകള്‍ അവരുടെ അടിസ്ഥാന ദര്‍ശനമായ കലിമത്തുത്തൗഹീദില്‍ നിന്നും ബഹുദൂരം അകന്നുപോയിരിക്കുന്നു.(ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേജ് 13-14)

ലോക മുസ്‌ലിംകള്‍ മുഴുവനും ഇസ്‌ലാമില്‍ നിന്നും പിഴച്ചുപുറത്തുപോയിരിക്കുന്നതിനാല്‍ അവരോട് “ജിഹാദ്” ചെയ്ത് തന്റെ കാഴ്ചപ്പാടിലുള്ള ഇസ്‌ലാമിനെ പുനഃസ്ഥാപിക്കാന്‍ ഇയാള്‍ പരിശ്രമമാരംഭിച്ചു. ബസ്വറയില്‍ വെച്ചാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും പണ്ഡിതന്മാര്‍ ഈ വിതണ്ഡ വാദത്തെ ചെറുത്തുതോല്‍പ്പിച്ചതിനാല്‍ ഹുറൈമിലയിലേക്ക് നീങ്ങി. അവിടെ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ ഉയൈയ്‌ന എന്ന പ്രവിശ്യയിലെത്തി. ഖിലാഫത്തിന് കീഴില്‍ ഉയൈയ്‌ന ഭരിച്ചുകൊണ്ടിരുന്ന ഗവര്‍ണറായ ഉസ്മാനുബ്‌നു മുഅമ്മറിനെ സ്വാധീനിച്ചു. തുടക്കം മുതല്‍ രാഷ്ട്രീയത്തെ മറയാക്കിയാണ് വഹാബിസം പിടിച്ചു നിന്നത്. ഇവിടെ വെച്ച് ഇബ്‌നു വഹാബ് ഒരു പറ്റം ചെറുപ്പക്കാരെ തന്റെ ജിഹാദീ സംഘത്തില്‍ ചേര്‍ത്തു. അവര്‍ ആദ്യമായി നടത്തിയ ഭീകര പ്രവര്‍ത്തനത്തെ സംബന്ധിച്ച് വഹാബി പണ്ഡിതനായ അബ്ദുല്ല സ്വാലിഹ് ഉസൈമിന്‍ എഴുതി റിയാദില്‍ നിന്നും പുറത്തിറങ്ങിയ പുസ്തകത്തില്‍ പറയുന്നു: “” ഇബ്‌നു വഹാബും അനുയായികളും ആദ്യമായി ജനങ്ങള്‍ തവസ്സുലാക്കാന്‍ ഉപയോഗിച്ചിരുന്ന മരം വെട്ടിമുറിച്ചു. ജുബൈലയില്‍ ജനങ്ങള്‍ ബറക്കത്തെടുക്കുകയും നേര്‍ച്ച നല്‍കുകയും ചെയ്തിരുന്ന സൈദുബിന്‍ ഖത്താബി(റ)ന്റെ(ഉമര്‍ ബിന്‍ ഖത്താബിന്റെ സഹോദരന്‍) ഖബര്‍ തകര്‍ത്തു തരിപ്പണമാക്കി. സമൂഹത്തെ വിറപ്പിച്ച മറ്റൊരു കൃത്യം കൂടി അദ്ദേഹം നിര്‍വഹിച്ചു. അതൊരു സ്ത്രീയെ എറിഞ്ഞുകൊന്നതായിരുന്നു. ഇങ്ങനെയായിരുന്നു ഇബ്‌നു വഹാബ് തന്റെ ആദര്‍ശത്തെ പ്രയോഗ തലത്തിലേക്ക് കൊണ്ടുവന്നത്. (താരീഖ് മംമ്‌ലകത്തില്‍ അറബിയ്യ അസ്സഊദിയ്യ1/78)

ഒരു ഭരണകൂടത്തെ നോക്കുകുത്തിയാക്കി സായുധ സംഘം രൂപവത്കരിച്ച് തന്റെ ആദര്‍ശം നടപ്പാക്കാന്‍ പ്രസ്ഥാനനായകന്‍ തന്നെ തുടക്കം കുറിച്ചത് ഇത്തരം ഭീകര കൃത്യങ്ങളിലൂടെയാണ്. ഈ സായുധ സംഘം തെരുവില്‍ റോന്ത് ചുറ്റി. പള്ളിയില്‍ ജമാഅത്തിന് എത്താത്തവരെ കടുത്ത പീഡനത്തിനിരയാക്കി. അങ്ങനെ ഒരു പ്രദേശത്ത് വഹാബീ ആശയത്തിലുള്ള ഇസ്‌ലാമിക ഭരണം നടപ്പാക്കി. എന്നാല്‍, ഈ ഇസ്‌ലാമിനെ സഹിക്കാന്‍ നാട്ടുകാര്‍ക്കും ഭരണാധികാരിക്കും സാധിച്ചില്ല. ഗവര്‍ണര്‍ ഉസ്മാന്‍, ഇബ്‌നു വഹാബിനോട് വേഗം നാട് വിടാന്‍ കല്‍പ്പിച്ചു. അയാള്‍ നജ്ദിന്റെ ഭാഗമായ ദര്‍ഇയ്യയിലേക്ക് പുറപ്പെട്ടു. ദര്‍ഇയ്യയിലെ ഗവര്‍ണറായ ഇബ്‌നു സഊദിനോട് സ്വതന്ത്ര രാജപദവി പറഞ്ഞു മോഹിപ്പിച്ചു. എന്റെ കൂടെ ജിഹാദില്‍ പങ്കെടുത്താല്‍ വെട്ടിപ്പിടിക്കുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ നിയന്ത്രണം ഇയാള്‍ വാഗ്ദാനം ചെയ്തു. 1744ല്‍ ഇവര്‍ തമ്മിലുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് സ്വാലിഹ് ഉസൈമിന്‍ തന്നെ പറയട്ടെ: സാധ്യമാകുന്ന വിധം ഇസ്‌ലാഹീ പ്രബോധന വഴിയില്‍ രണ്ടുപേരും ഒന്നിച്ച് പ്രവര്‍ത്തിക്കുക. അങ്ങനെ വെട്ടിപ്പിടിക്കുന്ന പുതിയ രാജ്യത്തിന്റെ രാഷ്ട്രീയ കാര്യവും നിയന്ത്രണവും ഇബ്‌നു സഊദിനും കുടുംബങ്ങള്‍ക്കും നല്‍കുന്നതും ഈ രാഷ്ട്രത്തിലെ മതഡിപ്പാര്‍ട്ടുമെന്റ് ഇബ്‌നു അബ്ദില്‍ വഹാബിനും മക്കള്‍ക്കും ആജീവനാന്തം നല്‍കുന്നതുമായിരിക്കും… ഒപ്പം ഇബ്‌നു സഊദ് ഒരു നിബന്ധന കൂടി മുന്നോട്ട് വെച്ചു. ഇപ്പോള്‍ ജനങ്ങളില്‍ നിന്നും ഞാന്‍ വാങ്ങുന്ന വാര്‍ഷിക നികുതി നിങ്ങള്‍ വിലക്കാന്‍ പാടില്ല. ഇതിന് ഇബ്‌നു വഹാബിന്റെ മറുപടി അതിലും മെച്ചപ്പെട്ട യുദ്ധാര്‍ജിത സമ്പത്ത് നിങ്ങള്‍ക്ക് ലഭിക്കും എന്നായിരുന്നു””(താരീഖു മംമ്‌ലക… പേജ് 91)
തുടര്‍ന്ന് നജ്ദിന്റെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ഗ്രാമീണരുടെ മൃഗങ്ങളെയും കാര്‍ഷികോത്പന്നങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. വഹാബിസം സ്വീകരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തി. (തുടരും)

 

 

Latest