Connect with us

Gulf

ആറുമാസത്തിനിടെ ആദ്യത്തെ കൂടിച്ചേരലിലേക്ക് ജിസിസി

Published

|

Last Updated

ദോഹ: ജൂണ്‍ ആറിന് സഊദി, യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഖത്വറിനതതിരെ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി തുടരവേ ഇതാദ്യമായി ആറു ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ ഒന്നിച്ചിരിക്കുന്നു. നാളെ കുവൈത്തില്‍ ആരംഭിക്കുന്ന ജി സി സി ഉച്ചകോടിയിലാണ് കൂടിക്കാഴ്ച നടക്കുക. പ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കില്ലെങ്കിലും പരിഹാരത്തിന്റെ തുടക്കമാകുമെന്ന സൂചന നല്‍കാന്‍ സഊദി, യു എ ഇ ഔദ്യോഗിക മാധ്യമങ്ങള്‍ സന്നദ്ധമായതോടെ ജി സി സി ഉച്ചകോടി കൂടുതല്‍ ശ്രദ്ധേയമാകും. പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ മധ്യസ്ഥതക്കു ശ്രമിച്ചു വരുന്ന കുവൈത്ത് അമീറിന്റെ നേതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത് എന്നതും സവിശേഷതയാണ്.
ഇന്നലെ കുവൈത്തിലെത്തിയ ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ലത്വീഫ് അല്‍ സയാനി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തിയ തയാറെടുപ്പുകള്‍ വിലയിരുത്ത് സമ്മിറ്റ് നടക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സംബന്ധിച്ചുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അമീര്‍, പ്രസിഡന്റ്, രാജാവ് തുടങ്ങി ഗള്‍ഫിലെ പ്രഥമ ഭരണാധികാരികളും ഉപ ഭരണാധികാരികളുമാണ് സമ്മിറ്റില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ആരൊക്കെ പങ്കെടുക്കുമെന്നതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സഊദിയും യു എ ഇയും പ്രതിനിധികളെയാകും അയക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്വര്‍ ഉള്‍പ്പെടുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഖത്വറില്‍നിന്നും ഒമാനില്‍നിന്നും മുതിര്‍ന്ന പ്രതിനിധികള്‍ തന്നെ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ ആദ്യദിനത്തില്‍ ജി സി സി വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയാണ് നടക്കാറുള്ളത്. ഇതനുസരിച്ച് നാളെ ജി സി സി വിദേശകാര്യമന്ത്രിമാര്‍ ഒന്നിച്ചിരിക്കുമോ എന്നാണ് രാഷ്്ര്രടീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. സമ്മിറ്റ് തയാറെടുപ്പ് കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ചയില്‍ വിലയിരുത്തുന്നതിനു മുമ്പായി ജി സി സി സെക്രട്ടറി ജനറല്‍ ഗള്‍ഫ് വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത് മന്ത്രിമാര്‍ പങ്കെടുക്കുമെന്നതിലേക്ക് സൂചന നല്‍കുന്നു. ഒരുമാസം മുമ്പ് പങ്കെടുക്കില്ലെന്ന് നിലപാട് അറിയിച്ച ബഹ്‌റൈനില്‍നിന്നുള്ള പ്രതിനിധിയാണ് ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ലത്വീഫ് അല്‍ സയാനി. ഇദ്ദേഹം കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയതോടെ സമ്മിറ്റിനോട് ബഹ്‌റൈന്‍ പുലര്‍ത്തിയ നിലപാടിലും അയവു വന്നതായി നിരീക്ഷിക്കപ്പെടുന്നു.
ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്നുവെന്നും ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ആരോപിച്ചാണ് സഊദി സഖ്യം ഖത്വറിനെതിരെ ഉപരോധം ആരംഭിച്ചത്. പ്രശ്‌ന പരിഹാരിത്തിനായി ഒന്നിച്ചുള്ള ചര്‍ച്ചകള്‍ക്ക് കുവൈത്ത് പലവട്ടം ശ്രമം നടത്തി. യു എസ്, യു കെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും സംഭാഷണങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് എപ്പോഴും സന്നദ്ധമാണെന്ന് ഖത്വര്‍ നിലപാട് സ്വീകരിച്ചുവെങ്കിലും ഖത്വര്‍ നയം തിരുത്താതെ ഒരു ചര്‍ച്ചക്കുമില്ലെന്ന നിലപാടാണ് സഊദി സഖ്യം തീരുമാനിച്ചത്. ഇതോടെ ഒന്നിച്ചിരുന്നുള്ള ആശയവിനിയമം പോലും അസാധ്യമായി തുടര്‍ന്ന ആറു മാസങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് നാളെ കുവൈത്തില്‍ സമ്മിറ്റ് ആരംഭിക്കുന്നത്.
1981ല്‍ തുടക്കം കുറിച്ച ജി സി സിയുടെ ചരിത്രത്തിലെ 37 ഉച്ചകോടികളില്‍ ആറെണ്ണമാണ് കുവൈത്തില്‍ നടന്നത്. ഉച്ചകോടിയുടെ ഭാഗമായി ആറു ജി സി സി രാജ്യങ്ങളുടെയും പതാകകള്‍ സ്ഥാപിച്ച് കുവൈത്തിലെ പ്രധാന റോഡുകള്‍ അലങ്കരിച്ചിട്ടുണ്ട്. ഗള്‍ഫ് ഭരണാധികാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. കലഹിച്ചു നില്‍ക്കുന്നത് ജി സി സിയെ ഇല്ലാതാക്കുമെന്നും അത് ഗള്‍ഫ് രാജ്യങ്ങളുടെയും ജനങ്ങളുടെയും സ്ഥിരതക്കും സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുമെന്നും കുവൈത്ത് അമീര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സമ്മിറ്റോട് മഞ്ഞുരക്കമുണ്ടായില്ലെങ്കില്‍ ജി സി സി രണ്ടു വിഭാഗമായി മാറുമെന്നും നിരീക്ഷണങ്ങളുണ്ട്.

Latest