പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

Posted on: December 4, 2017 12:28 pm | Last updated: December 4, 2017 at 12:28 pm

തൊടുപുഴ: പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം മാറ്റാനെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആര്‍ഡിഒ എത്താതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.

ദിവസങ്ങള്‍ക്ക് മുമ്പ് രതീഷും തൊടുപുഴ സ്വദേശിനിയായ യുവതിയും നാടുവിട്ടിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അടിമാലി പോലീസ് ഇരുവരെയും പിടികൂടി തൊടുപുഴ പോലീസിന് കൈമാറി. പിന്നീട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ടെന്ന പേരില്‍ തൊടുപുഴ സിഐ ഇയാളെ വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണ് പരാതി. ഇതിന്റെ മനോവിഷമത്തില്‍ രതീഷ് ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ രതീഷിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മര്‍ദിച്ചിരുന്നില്ലെന്ന് തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ പറഞ്ഞു.